വാഷിങ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സമയം നിശ്ചയിട്ടില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ്. ഇന്ത്യയിലേക്കുള്ള വരവ് ട്രംപിന്റെ തിരക്കുപിടിച്ച മറ്റു പരിപാടികളുടെ സമക്രമത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും അനുയോജ്യമായ സമയത്ത് അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് ഉറപ്പാണെന്നും വിദേശകാര്യ വകുപ്പിലെ തെക്കനേഷ്യന്‍ വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പറഞ്ഞു. അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ജനുവരിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ട്രംപ് എത്തുമോ എന്ന കാര്യം പറനാവില്ലെന്നായിരുന്നു ആലീസിന്റെ മറുപടി. അമേരിക്കയിലേയും വിദേശത്തേയും ട്രംപിന്റെ തിരക്കിട്ട പരിപാടികളുടെ സമയം കണക്കിലെടുത്ത് വൈറ്റ് ഹൗസ് ആണ് തീരുമാനമെടുക്കുക എന്നും ആലിസ് പറഞ്ഞു.
ഔദ്യോഗിത തലത്തില്‍ യുഎസ് ഉന്നത ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ ഇന്ത്യാ സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടിയിലെ ബന്ധം കൂടുതല്‍ ശക്തമായെന്ന സൂചനയാണ്. വിവിധ വകുപ്പുകളും ഏജന്‍സികളും തമ്മില്‍ നാല്‍പതിലേറെ തവണ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടന്നു. 2017 ല്‍ വാഷിങ്ടണില് വച്ചാണ് മോഡിയും ട്രംപും ആദ്യമായി കുടിക്കാഴ്ച നടന്നത്. പിന്നീട് വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഇരു നേതാക്കളും പരസ്പരം കണ്ടു. സൈനിക പരേഡുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ട്രംപ് റിപ്പബ്ലിക് ദിന പരേഡിലെ സൈനിക പരേഡ് മാതൃകയില്‍ യുഎസിലും പരേഡ് തുടങ്ങാന്‍ ആഗ്രഹിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.