ന്യൂദല്‍ഹി- എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടി പദവിയും ലോക്‌സഭാംഗത്വവും രാജിവെച്ചു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ചു പ്രസ്താവന നടത്തിയ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പവാറിന്റെ അടുത്ത അനുയായിയാണ് ബിഹാറിലെ കത്തിഹാറില്‍നിന്നുള്ള എം.പിയായ താരിഖ് അന്‍വര്‍. സോണിയയുടെ വിദേശപൗരത്വം ഉന്നയിച്ച് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി രൂപവത്കരിച്ചത് പവാറും സാങ്മയും താരിഖ് അന്‍വറും ചേര്‍ന്നായിരുന്നു.
റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് സംശയമില്ലെന്ന പവാറിന്റെ പരാമര്‍ശം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പവാര്‍ ദേശീയ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രകീര്‍ത്തിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തുവരികയും ചെയ്തു.
മറാത്തി ചാനലിന് പവാര്‍ നല്‍കിയ അഭിമുഖം വളച്ചൊടിച്ചതാണെന്ന് പിന്നീട് പാര്‍ട്ടി നേതാക്കള്‍ വിശദീകരിച്ചിരുന്നു.