ന്യുദല്‍ഹി- പൂനെയ്ക്കടുത്ത ഭീമ കൊറെഗാവില്‍ കഴിഞ്ഞ ജനുവരിയില്‍ ദളിതര്‍ക്കെതിരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കവി വരവരറാവു ഉള്‍പ്പെടെ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് രാഷ്ട്രീയ വിയോജിപ്പിന്റെ പേരിലാണെന്ന് വിലയിരുത്താനാവില്ലെന്നു സുപ്രീം കോടതി. അന്വേഷണം പ്രത്യേക സംഘത്തിനു (എസ്.ഐ.ടി) കൈമാറണമെന്ന് ആവശ്യം തള്ളിയ കോടതി ഇവരുടെ വീട്ടുതടങ്കല്‍ നാലാഴ്ച കൂടി തുടരുമെന്നും അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വലുള്ള ബഞ്ചിന്റെ ഭൂരിപക്ഷ വിധിയാണിത്. ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി. വൈ ചന്ദ്രചൂഡ് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടും. മനുഷ്യാവകാശ പ്രവര്‍ത്തകരോടുള്ള എതിര്‍പ്പല്ല അവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് മനസ്സിലാകുന്നതെന്ന് കോടതി വ്യക്തമാക്കി. കെട്ടിച്ചമച്ച കേസാണോ അല്ലയോ എന്ന് പരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ബെഞ്ച് അറിയിച്ചു.
എന്നാല്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയില്‍ ശക്തമായ വിയോജിപ്പ് അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര പോലീസ് മുന്‍വിധിയോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ എസ്.ഐ.ടി അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ ഈ കേസ് പരിഗണിക്കുന്നതിനിടെ പോലീസ് നടത്തി വാര്‍ത്താ സമ്മേളനവും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിനു വളരെ മുമ്പു തന്നെ റിപബ്ലിക് ടി.വി സുധ ഭരദ്വാജിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള കത്ത് പുറത്തു വിട്ടിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധികാരികത തെളിയിക്കപ്പെടാത്ത തീയതി രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ കത്തുകള്‍ പ്രതികള്‍ക്കെതിരെ എടുത്തു കാണിക്കുന്നത് അങ്ങേയറ്റം സംശയകരമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ മഹാരാഷട്ര പോലീസിന് നീതിപുര്‍വകമായ അന്വേഷണം നടത്താനാകുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം വിധിയില്‍ വിയോജിപ്പറിയിച്ച് വ്യക്തമാക്കി.
വിമത രാഷ്ട്രീയ സ്വരങ്ങളെ ലക്ഷ്യമിട്ടുള്ള പോലീസ് നീക്കമായിരുന്നു ഈ അറസ്റ്റെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാട്. വിയോജിക്കുന്നു എന്നതിന്റെ പേരില്‍ ഓരിക്കലും എതിര്‍ സ്വരങ്ങളെ ബലപ്രയോഗത്തിലൂടെ അടക്കാനാവില്ല. ഇവരുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് കോടതി ജാഗ്രത കാട്ടേണ്ടതുണ്ടെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ഈ അറസ്റ്റ് വ്യക്തികളുടെ അന്തസ്സിനെതിരായ കടന്നുകയറ്റമാണെന്നും കേസ് അന്വേഷിക്കാന്‍ ഏറ്റവും അനുയോജ്യം എസ്.ഐ.ടി ആണെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ദപ്രവര്‍ത്തകന്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൂനെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത്. ചരിത്രകാരിയും ആക്ടിവിസ്റ്റുമായി റോമില ഥാപ്പര്‍, ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക്, സതീശ് ദേശ്പാണ്ഡേ തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.