ന്യൂദൽഹി- ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ ചരിത്രവിധി. അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, റോഹിന്റൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഇന്ദുമൽഹോത്ര മാത്രം എതിർത്തു. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കണം എന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. 2006-ലായിരുന്നു ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഭക്തി പശ്രീജ സേത്തി സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്.
ജീവശാസ്ത്രപരമായ കാരണങ്ങളാൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വേർതിരിവാണോ, ആണെങ്കിൽ ഭരണഘടനയുടെ 14,15, 17 വകുപ്പുകളുടെ ലംഘനമാണോ, ഭരണഘടനയുടെ 25, 26 വകുപ്പുകളിൽ പറയുന്ന ധാർമികത എന്നതിന്റെ സംരക്ഷണം ഇതിന് ലഭിക്കുമോ, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയമായ മതാചാരമാണോ, മതപരമായ കാര്യങ്ങളിലെ സ്വയം നിർണയാവകാശത്തിന്റെ പേരിൽ ഒരു മതസ്ഥാപനത്തിന് ഇത്തരം അവകാശമുന്നയിക്കാമോ, അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗമെന്ന സ്വഭാവമുണ്ടോ, ഉണ്ടെങ്കിൽ നിയമപരമായി രൂപീകരിക്കപ്പെട്ട ബോർഡിനാൽ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സഞ്ചിത നിധിയിൽനിന്ന് പണം ലഭിക്കുന്ന മതവിഭാഗത്തിന് ഭരണഘടന തത്വങ്ങളും ധാർമികതയും ലംഘിക്കാമോ തുടങ്ങിയ കാര്യങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. വിധി പ്രസ്താവം തുടരുകയാണ്.