Sorry, you need to enable JavaScript to visit this website.

യു.പിയിൽ വീണ്ടും പോലീസിന്റെ  ക്രൂരത, ലൗ ജിഹാദി എന്നാരോപിച്ച് ക്രൂരമര്‍ദനം

മീററ്റ്- അക്രമികളിൽനിന്ന് രക്ഷിക്കുന്നതിന് പകരം പോലീസ് തങ്ങളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് മീററ്റിൽ ലൗ ജിഹാദികൾ എന്നാരോപിച്ച് സംഘ്പരിവാർ മർദ്ദനത്തിനിരയായ യുവാവ്. കഴിഞ്ഞദിവസമാണ് മുസ്്‌ലിം യുവാവിന് മർദ്ദനമേറ്റത്. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് തന്നെ ലൗ ജിഹാദി എന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതെന്നും ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലടക്കം കഠിനമായി തൊഴിച്ചെന്നും യുവാവ് പറയുന്നു. 
അക്രമത്തിന് നേതൃത്വം നൽകിയ മനീഷ് ലോഹിയ എന്നയാൾ തന്നെ വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തി. കണ്ണിൽനിന്നും മൂക്കിൽനിന്നും ചോര വരുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും അവർ പരിഗണിച്ചതേയില്ല. അവർ മർദ്ദിച്ചുകൊണ്ടേയിരുന്നു. കൊല്ലപ്പെടുമെന്ന് തന്നെ ഭയപ്പെട്ടു. കണ്ണിൽനിന്ന് ഇപ്പോഴും ചോര വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടനുഭവിക്കുന്നു.-യുവാവ് എൻ.ഡി.ടി.വിയോട് പറഞ്ഞു. 
തന്റെ വീട്ടിലേക്ക് ഒരു പുസ്തകമെടുക്കാൻ വേണ്ടിയാണ് യുവതി എത്തിയത്. കുറച്ചുകഴിഞ്ഞപ്പോഴേക്കും പതിനാറോളം പേർ വന്നു. എന്റെ പേര് ചോദിച്ചു. ഉടനെ അവർ മർദ്ദിക്കാൻ തുടങ്ങി. രണ്ടു സമുദായത്തിലുള്ള ആണ്ണും പെണ്ണും ആദ്യം സുഹൃത്തുക്കളാകുകയും പിന്നെ പ്രണയത്തിലാകുകയും അത് ലൗ ജിഹാദാകുകയും ചെയ്യുമെന്ന് പറഞ്ഞ് അവർ മർദ്ദനം തുടങ്ങി. അങ്ങിനെയൊരു കാര്യം തങ്ങൾ ആലോച്ചിട്ട് പോലുമില്ലെന്ന് പറഞ്ഞെങ്കിലും അക്രമികൾ മർദ്ദനം തുടർന്നുകൊണ്ടേയിരിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഉടൻ പോലീസ് എത്തിയെങ്കിലും അക്രമികൾ മർദ്ദനം അവസാനിപ്പിച്ചില്ല. അവർ തങ്ങളെ മർദ്ദിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു. പോലീസ് വാഹനത്തിൽ വെച്ച് തന്നെ വനിതാ പോലീസ് മർദ്ദിച്ചുവെന്നും യുവതി ആരോപിച്ചു. പ്രണയബന്ധമില്ലെന്ന് തീർച്ചപ്പെടുത്തിയ ശേഷം തന്നെ പോലീസ് വണ്ടിയിൽനിന്ന് വഴിയിലിറക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. സമാനമായ സംഭവം കഴിഞ്ഞ ചൊവ്വാഴ്ച്ചയും യു.പിയിൽനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് വാഹനത്തിനകത്ത് വെച്ച് യുവതിയെ പോലീസുകാരി മുഖത്തടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തെത്തിയത്. ഇതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സമാനസംഭവം വീണ്ടുമുണ്ടായത്.
 

Latest News