അവിഹിതബന്ധം ആരോപിച്ച് ആള്‍ക്കൂട്ടം സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു

അഗര്‍ത്തല- അയല്‍ക്കാരനുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ ത്രിപുരയില്‍ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. രണ്ടു കുട്ടികളുടെ അമ്മയായ യുവതി പോലീസില്‍ പരാതി നല്‍കി. മൂന്ന് സ്ത്രീകളാണ് തന്നെ ആക്രമിക്കാന്‍ മുന്നിലുണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മരത്തില്‍ കെട്ടിയി്ട്ട ശേഷം ചെരുപ്പുമാല അണിയിക്കുകയും മുഖത്തേക്ക് മഷി എറിയുകയും ചെയ്തു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ എല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. 

പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിര്‍ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസറ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീ പീഡനം, മാരകമായ പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി തടഞ്ഞു വയ്ക്കല്‍ തുടങ്ങി കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഈ സംഭവം ആള്‍കൂട്ട കൊലപാതകത്തിലേക്ക് നയിക്കുമായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് വിശദമായി തന്നെ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ ഒരു അയല്‍ക്കാരനുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇയാളെ കൊലക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവിഹിത ബന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ താക്കീതു നല്‍കിയതിനെ ചൊല്ലി ഉണ്ടായ വഴക്കിനിടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.
 

Latest News