മദീന- പ്രവാചക നഗരിയിലെ ഖുബാ മസ്ജിദ് ഇരുപത്തിനാലു മണിക്കൂറും തുറന്നിടുന്ന കാര്യം പഠിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. മദീന ഗവർണറും രാജാവിന്റെ പുത്രനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഏകോപനം നടത്തി എത്രയും വേഗം രാജാവിന്റെ നിർദേശം നടപ്പിലാക്കും. അടുത്ത റബീഉൽ അവ്വൽ ഒന്ന് മുതൽ (നവംബർ 9) ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മദീന ഗവർണർ അറിയിച്ചു.
പ്രവാചകൻ മുഹമ്മദ് നബി(സ) ആദ്യമായി നിർമിച്ച ആരാധനാലയമാണ് ഖുബാ മസ്ജിദ്. ബുധനാഴ്ച രാത്രി സൽമാൻ രാജാവ് ഖുബാ മസ്ജിദ് സന്ദർശിച്ച് രണ്ടു റക്അത് ഐഛിക നമസ്കാരം നിർവഹിച്ചിരുന്നു. ഖുബാ മസ്ജിദിലെത്തിയ രാജാവിനെ ഖുബാ മസ്ജിദ് ഇമാമും ഖതീബുമായ ശൈഖ് ഡോ.സ്വാലിഹ് അൽമഗാംസിയും മസ്ജിദിലെ മറ്റു ഇമാമുമാരും മുഅദ്ദിനുമാരും ചേർന്ന് സ്വീകരിച്ചു. മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി ഡോ. മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, അൽബാഹ ഗവർണർ ഡോ.ഹുസാം ബിൻ സൗദ് രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ തുടങ്ങി നിരവധി രാജകുമാരന്മാർ രാജാവിനെ അനുഗമിച്ചു.