കോപ്പന്‍ഹേഗന്‍- ഡെന്മാര്‍ക്കില്‍ മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ച പ്രതിഷേധക്കാരിയെ ആലിംഗനം ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം തുടങ്ങി. നിഖാബ്, ബുര്‍ഖ എന്നിവയുള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ സ്ത്രീയെ ആലിംഗനം ചെയ്ത സംഭവമാണ് വിവാദമായത്. പുറത്തുവന്ന ഫോട്ടോ സഹിതം ഡാനിഷ് എം.പി നല്‍കിയ പരാതിയിലാണ് ഉദ്യോഗസ്ഥക്കെതിരെ മേലുദ്യോഗസ്ഥര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ ഡെന്മാര്‍ക്കില്‍ നിയമം പ്രാബല്യത്തില്‍വന്നത്. ഇത്തരത്തില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത് കുറ്റകരമാക്കാനും ഡാനിഷ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
രാജ്യത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നല്‍കിയ പരാതി പരിഗണിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് അധികൃതര്‍ വിശദീകരിച്ചു. അതേസമയം, സമരക്കാരുമായി സംസാരിച്ചതില്‍ തെറ്റില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥയുടെ നിലപാട്. ഉദ്യോഗസ്ഥയുടെ നടപടി സമരക്കാരോട് കൂടുതല്‍ അനുകമ്പ വളര്‍ന്നുവരുന്നതിന് കാരണമാകുമെന്ന നിലപാടില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉറച്ച് നിന്നു. ഇതോടെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറാവുകയായിരുന്നു.
മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന നിയമപ്രകാരം നിയമലംഘനം നടത്തുന്നവരില്‍നിന്ന് 1000 ക്രോണര്‍ പിഴ ഈടാക്കും.