പനാജി- ഗോവയിൽ ബി.ജെ.പി സംസ്ഥാന ഘടകത്തെ കൂടുതൽ പ്രതിരോധത്തിലാക്കി മന്ത്രിസഭയിൽനിന്ന് പുറത്താക്കിയ പാർട്ടി നേതാവ് രംഗത്ത്. ഗ്രാമവികസന മന്ത്രി ഫ്രാൻസിസ് ഡിസൂസയാണ് മുഖ്യമന്ത്രി മനോഹർ പരീക്കറിനും ബി.ജെ.പി നേതൃത്വത്തിനും എതിരെ രംഗത്തെത്തിയത്. അമേരിക്കയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡിസൂസ താൻ തിരിച്ചെത്തിയാലുടൻ ബി.ജെ.പി കോർ കമ്മിറ്റിയിൽനിന്നും രാജിവെക്കുമെന്ന് വ്യക്തമാക്കി. ഇരുപത് വർഷം പാർട്ടിയെ സേവിച്ചതിനുള്ള പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും ഡിസൂസ പരിഭവിച്ചു.
ആത്മാഭിമാനം രക്ഷിക്കാൻ രാജിയല്ലാതെ വഴിയില്ല. അടുത്തമാസം പതിനഞ്ചിന് മടങ്ങിയെത്തിയാലുടൻ പാർട്ടി സമിതിയിൽനിന്ന് രാജിവെക്കും. ഇനിയൊന്നും ആവശ്യമില്ല. എല്ലാം കഴിഞ്ഞു-ഉത്തരഗോവയിലെ മപുസ മണ്ഡലത്തിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ഡിസൂസ നിലപാട് വ്യക്തമാക്കി.
എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും അഞ്ചു കൊല്ലം സേവിക്കാനാണ് ജനങ്ങൾ തന്നെ തെരഞ്ഞെടുത്തതെന്നും ഡിസൂസ പറഞ്ഞു. എം.എൽ.എ പദവി രാജിവെച്ചാൽ അത് ജനങ്ങളെ വഞ്ചിക്കലാകും. മന്ത്രിസഭയിൽ ആരെയെല്ലാം ഉൾപ്പെടുത്തണം, ഒഴിവാക്കണം എന്നത് മുഖ്യമന്ത്രിയുടെ തീരുമാനമാണ്. അതിന് അദ്ദേഹത്തിന് അവകാശമുണ്ട്. അതേസമയം, പാർട്ടി ഹൈക്കമാൻഡിനോട് പോലും അഭിപ്രായം ചോദിക്കാതെ തന്നിഷ്ടപ്രകാരമാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും സിഡൂസ ആരോപിച്ചു. 2012 മുതൽ ചില നേതാക്കൾ തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചുവരുന്നുണ്ട്. അവർ താൽക്കാലികമായി വിജയിച്ചുവെന്നും പരിക്കർ വ്യക്തമാക്കി.