ന്യൂദല്‍ഹി- പ്രധാനമന്ത്രി കളളനാണ് എന്ന് ചിത്രസഹിതം ട്വീറ്റ് ചെയ്തതിന് രാജ്യ ദ്രോഹ കേസ് രജിസറ്റര്‍ ചെയ്തതിനു പിന്നാലെ മോഡി കള്ളനെന്ന വിളി ആവര്‍ത്തിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന. സയ്ദ് റിസ്വാന്‍ അഹ്മദ് എന്ന അഭിഭാഷകന്‍ ലഖ്‌നൗ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ദിവ്യയ്‌ക്കെതിരെ പോലീസ് രാജ്യദ്രോഹ കേസ് എടുത്തത്. ഈ വാര്‍ത്തയ്ക്കു പിന്നാലെയാണ് പ്രധാനമന്ത്രി കള്ളനാണ് എന്ന ഹാഷ്ടാഗുമായി ദിവ്യ വീണ്ടു ട്വീറ്റ് ചെയ്തത്. കേസെടുത്ത പശ്ചാത്തലത്തില്‍ പിന്തുണ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി കള്ളനാണെന്ന് ദിവ്യ ആവര്‍ത്തിച്ചത്. 'എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോട് എന്തു പറയാന്‍. അടുത്ത തവണ ഉഷാറാക്കാം. ഇന്ത്യയുടെ രാജ്യദ്രോഹ നിയമം എടുത്തു മാറ്റപ്പെടേണ്ടതാണ്. അത് പഴക്കമേറിയതാണ്. ദുരുപയോഗം ചെയ്യപ്പെടുന്നു. എനിക്കെതിരെ കേസ് കേസ് നല്‍കിയവരോട്- പ്രധാനമന്ത്രി കള്ളനാണ്,' എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്.
റഫാല്‍ വിവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മെഴുകു പ്രതിമയ്ക്കു സമീപം നില്‍ക്കുന്ന ഫോട്ടോ എഡിറ്റ് ചെയത് ഫോട്ടോയിലെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ 'കള്ളന്‍' എന്നെഴുതി ചേര്‍ത്ത ഫോട്ടോയാണ് മുന്‍ നടിയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ ദിവ്യ ട്വീറ്റ് ചെയ്തത്. കേസ് വന്നതിനു ശേഷവും #PMChorHai എന്ന ഹാഷ്ടാഗിലാണ് ദിവ്യയുടെ ട്വീറ്റ്. ട്വിറ്ററില്‍ ഈ ഹാഷ്ടാഗ് വൈറലായിരുന്നു.