നമസ്‌കാരത്തിന് പള്ളി അത്യാവശ്യമാണോ? ബാബരി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മ്മിക്കാമോ എന്നതു സംബന്ധിച്ച സുപ്രധാന വിധി ഇന്ന് സുപ്രീം കോടതി പറയും. ഇസ്ലാമില്‍ നമസ്‌ക്കാരത്തിന് പള്ളി അത്യാവശ്യമാണോ, കൂട്ടനമസ്‌ക്കാരത്തിനും പ്രാര്‍ത്ഥനയ്ക്കും പള്ളി വേണ്ടതുണ്ടോ, മറ്റെവിടെയെങ്കിലും നമസ്‌ക്കരിക്കാമോ എന്നീ വിഷയങ്ങള്‍ പുനപ്പരിശോധിക്കേണ്ടതുണ്ടോ എന്നും കോടതി തീരുമാനിക്കും. നമസ്‌ക്കാരത്തിന് പളളി നിര്‍ബന്ധമില്ലെന്നും അത് എവിടേയും ആകാമെന്നും സര്‍ക്കാരിനു വേണമെങ്കില്‍ പള്ളി നിര്‍മ്മിക്കാന്‍ ഭൂമി ഏറ്റെടുക്കാമെന്നും 1994ല്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയുടെ ഈ വിധി അനീതിയാണെന്ന് വിവിധ മുസ്ലിം സംഘടനകള്‍ പറയുന്നു. ഈ കോടതി തീരുമാനമാണ് 2010ല്‍ അയോധ്യ ഭൂമി ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ മൂന്ന് ഭാഗമാക്കി വീതം വച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധിയിലേക്കു നയിച്ചതെന്നും അവര്‍ പറയുന്നു. ഈ വിധിക്കെതിരെയാണ് വിവിധ ഹിന്ദു, മുസ്ലിം കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

നമസ്‌ക്കരിക്കാന്‍ പള്ളി അത്യാവശ്യമാണോ എന്നകാര്യം സുപ്രീം കോടതി വീണ്ടും പരിഗണിച്ചാല്‍, ഇതു തീര്‍പ്പാക്കുന്നതു വരെ ബാബരി കേസിലെ പ്രധാനമായ ഭൂമി അവകാശവാദ ഹര്‍ജികളിലെ വാദം കേള്‍ക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കപ്പെടും. ഇതോടെ അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാമോ എന്നതു സംബന്ധിച്ച വിധിയും വൈകും. ഇങ്ങനെ വന്നാല്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായി രാമക്ഷേത്ര നിര്‍മ്മാണം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി നടക്കാനും സാധ്യതയില്ല. നമസ്‌ക്കരിക്കാന്‍ പള്ളി നിര്‍ബന്ധമല്ലെന്ന 1994ലെ വിധിയെ മുസ്ലിംകള്‍ ചോദ്യം ചെയ്തത് അയോധ്യ കേസില്‍ പ്രധാന തര്‍ക്കം സംബന്ധിച്ച വാദം കേള്‍ക്കല്‍ ഇനിയും നീട്ടിക്കൊണ്ടു പോകാനാണു മുസ്ലിം സംഘടനകളുടെ നീക്കമെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു.
 

Latest News