Sorry, you need to enable JavaScript to visit this website.

ഇറാന്‍ ആരോപണങ്ങള്‍ തള്ളി സൗദി അറേബ്യ

റിയാദ്- ഇറാനിലെ സുന്നി ഭൂരിപക്ഷ നഗരമായ അഹ്‌വാസില്‍ കഴിഞ്ഞ ശനിയാഴ്ച സൈനിക പരേഡിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സൗദി അറേബ്യ തള്ളിക്കളഞ്ഞു. ആക്രമണത്തിന് സൗദി അറേബ്യ പിന്തുണ നല്‍കിയെന്ന് ഇറാന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. സത്യവിരുദ്ധമായ ഇത്തരം ആരോപണങ്ങളെ അപലപിക്കുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നതായി വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും സ്വന്തം ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ള രാജ്യങ്ങളുടെ ഇടപെടലുകള്‍ നിരാകരിക്കുകയും ചെയ്യുന്നതില്‍ സൗദി അറേബ്യയുടെ നയം വ്യക്തമാണ്.
അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഭരണകൂടമാണ് ഇടപെടുന്നത്. മേഖലയിലും ലോകത്തും ഭീകരതയുടെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാര്‍ ഇറാന്‍ ഭരണകൂടമാണ്. ഇറാനില്‍ ശിയാ ഭരണകൂടം സ്ഥാപിതമായതു മുതല്‍ മേഖലയിലും ആഗോള തലത്തിലും അരാജകത്വവും വിഭാഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നതാണ് ഇറാന്റെ പതിവ്. ഇറാന്‍ ഭരണകൂടത്തിന്റെ അവിവേകവും ശത്രുതയും സ്വന്തം ജനതയുടെ ആര്‍ജിത നേട്ടങ്ങള്‍ പാഴാക്കിക്കളയുകയാണ്. മേഖലയില്‍ അരാജകത്വവും നാശവും മാത്രമാണ് ഇത് കൊണ്ടുവന്നത്. ഇത്തരം പ്രസ്താവനകള്‍ ഇറാന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പതിവുള്ളതാണ്. സ്വന്തം പരാജയങ്ങളും ന്യൂനതകളും മറച്ചുവെക്കുന്നതിന് കള്ളം പ്രചരിപ്പിക്കുകയും നെറികേട് പ്രവര്‍ത്തിക്കുകയും മറ്റു രാജ്യങ്ങളുടെ മേല്‍ ആക്ഷേപം ചൊരിയുകയും മാത്രമാണ് അവര്‍ക്കു മുന്നിലുള്ള വഴി. ഇറാന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചക്കും സൗദി അറേബ്യയാണ് കാരണമായതെന്ന് അടുത്തിടെ ഇറാന്‍ ഭരണകൂടം ആരോപിച്ചിരുന്നു. ഭീകര ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും മേഖലയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കുന്നതിനും സ്വന്തം ജനതയുടെ ആര്‍ജിത നേട്ടങ്ങള്‍ പാഴാക്കിക്കളയുന്ന നയങ്ങളുടെ ഫലമാണ് ഇറാന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ച.
ഭീകര, തീവ്രവാദ, വിഭാഗീയ ഗ്രൂപ്പുകള്‍ക്കു പിന്തുണ നല്‍കുന്നതിന് സമ്പത്ത് പാഴാക്കിക്കളയുന്നതിനു പകരം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷാ ഭദ്രതക്കും ശ്രമിക്കുന്ന ഉത്തരവാദിത്തബോധമുള്ള രാഷ്ട്രം എന്നോണം ഇറാന്‍ പ്രവര്‍ത്തിക്കണം. നല്ല അയല്‍പക്ക ബന്ധത്തിന്റെ തത്വങ്ങള്‍ ഇറാന്‍ പാലിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കണമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കണമെന്നും സൗദി വിദേശ മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. അഹ്‌വാസില്‍ ശനിയാഴ്ച സൈനിക പരേഡിനിടെ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയത് ഗള്‍ഫ് രാജ്യങ്ങളാണെന്ന് തിങ്കളാഴ്ച ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇ ആരോപിച്ചിരുന്നു.

 

Latest News