Sorry, you need to enable JavaScript to visit this website.

ഗൃഹോപകരണങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ വില കൂടും; കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടി

ന്യുദല്‍ഹി- രൂപയുടെ മൂല്യത്തകര്‍ച്ച മൂലമുണ്ടാകുന്ന കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 19 തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. ഇതു പ്രകാരം ടി.വി, എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, പാദരക്ഷകള്‍, കാര്‍ ടയറുകള്‍, രത്‌നാഭരണങ്ങള്‍, വജ്രം, കുളിമുറി സാമഗ്രികള്‍, പായ്ക്കിങിനുപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടികള്‍, ബോട്ടിലുകള്‍, കണ്ടെയ്‌നറുകള്‍, വയറുകള്‍, ഓഫീസ് സ്റ്റേഷനറി, ഫര്‍ണിച്ചര്‍ ഫിറ്റിങ്‌സ്, അലങ്കാര പായകള്‍, സ്യൂട് കെയ്‌സ്, ബ്രീഫ് കെയ്‌സ്, ട്രാവല്‍ ബാഗ്, മറ്റുബാഗുകള്‍, വിമാന ഇന്ധനം എന്നിവ ഉള്‍പ്പെടുന്ന 19 ഇനം ഉല്‍പ്പനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഈടാക്കുന്ന കസ്റ്റംസ് തീരുവയാണ് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വര്‍ധിപ്പിച്ചത്. 2017-18 വര്‍ഷം ഈ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി മൂല്യം 86,000 കോടി രൂപയായിരുന്നു. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനും മൂലധനം പുറത്തേക്കൊഴുകുന്നത് തടയുന്നതിലും അവശ്യവസ്ത്തുക്കളല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുമെന്ന് നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

എ.സി, ഫ്രിഡ്ജ്, പത്ത് കിലോയില്‍ താഴെയുള്ള വാഷിങ് മെഷീന്‍ എന്നിവയുടെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ആക്കി ഇരട്ടി വര്‍ധിപ്പിച്ചു. അടുക്കള ഉപകരങ്ങള്‍, ബാഗുകള്‍, ശുചിമുറി ഉപകരണങ്ങള്‍, ടയറുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവയുടെ പകുതിയാണ് വര്‍ധിപ്പിച്ചത്. വിമാന ഇന്ധനത്തിന് പുതുതായി അഞ്ചു ശതമാനം ബേസിക് കസ്റ്റംസ് തീരുവയും ഏര്‍പ്പെടുത്തി.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മിയില്‍ ജിഡിപിയുടെ 2.4 ശതമാനത്തിന്റെ വിടവാണ് ഉണ്ടായത്. വിദേശ നാണ്യത്തിന്റെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ഒഴുക്കിലുണ്ടാകുന്ന വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപ ദുര്‍ബലമായി തുടരുന്നതുമാണ് കറന്റ് അക്കൗണ്ട് കമ്മിയില്‍ വിടവ് കൂട്ടുന്നത്.
 

Latest News