ന്യുദല്‍ഹി- സാധാരണ ഗതിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ പ്രവാസികള്‍ക്ക് ആശങ്കപ്പെടാന്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. രൂപ താഴോട്ടു പോകുമ്പോള്‍ വിദേശ കറന്‍സികളുമായുള്ള വിനിമയ നിരക്ക് മുകളിലേക്കുയരുന്ന പ്രവണതയാണ് ഇതിനു കാരണം. എന്നാല്‍ ആഭ്യന്തര വിപണിയില്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നടപടികള്‍ മറ്റൊരു വഴിക്ക് പ്രവാസികള്‍ക്ക് തിരിച്ചടിയാകാന്‍ പോകുകയാണ്. വിദേശ വിനിമയത്തില്‍ ഡോളറിനെതിരെ പുതിയ ആഴങ്ങളിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ കസ്റ്റ്ംസ് തീരുവകളാണ് വര്‍ധിപ്പിച്ചത്. കറന്റ് അക്കൗണ്ട് കമ്മിയും മൂലധന ചോര്‍ച്ചയും നിയന്ത്രിച്ച് അവശ്യവസ്തുക്കളല്ലാത്തവയുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇവയില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എ.ടി.എഫ്) എന്ന വിമാന ഇന്ധനവും ഉള്‍പ്പെട്ടു. സ്വാഭാവികമായും വിമാന ഇന്ധനത്തിന് വില വര്‍ധിക്കുന്നതോടെ വിമാന യാത്രാ നിരക്കുകളിലും ഇതു പ്രതിഫലിക്കും.
ഇത് പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി വിമാന യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ കസ്റ്റംസ് തീരുവ നിലവില്‍ വരും. ഇതുവരെ വിമാന ഇന്ധനത്തിന് അടിസ്ഥാന കസ്റ്റംസ് തീരുവ ഉണ്ടായിരുന്നില്ല. പുതുതായി അഞ്ചു ശതമാനമാണ് എ.ടി.എഫിന്റെ തീരുവയായി നിശ്ചയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ വിമാനക്കമ്പനികള്‍ നല്‍കുന്ന ടിക്കറ്റില്‍ ഇതുള്‍പ്പെടുത്തി കൊണ്ടുള്ള ആനുപാതികമായുള്ള വര്‍ധനവുണ്ടാകും.