യുഎന്‍- റഫാല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചയാണെന്നും കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍. യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിലെത്തിയ മാക്രോണ്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏതെങ്കിലും ഘട്ടത്തില്‍ ഫ്രാന്‍സിനോടൊ റഫാല്‍ നിര്‍മ്മാതാക്കളാണ് ഡസോയോടോ ആവശ്യപ്പെട്ടിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മക്രോണ്‍ മറുപടി നല്‍കിയത്. ഇതു ഇരു സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നുവെന്ന് വളരെ വ്യക്തമാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി മോഡി പറഞ്ഞതു തന്നെയാണ് എനിക്കു പറയാനുള്ളത്- മക്രോണ്‍ പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാനില്ല. ആ സമയത്ത് ഞാന്‍ അധികാരത്തിലുണ്ടായിരുന്നില്ല. എല്ലാത്തിനു വ്യക്തമായ ചട്ടങ്ങളുണ്ട്- അദ്ദേഹം വ്യക്തമാക്കി. ഈ കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുളള സൈനിക, പ്രതിരോധ സഖ്യത്തിന്റെ വിശാലമായ ചട്ടകൂടിന്റെ ഒരു ഭാഗമാണ്. ഇത് തന്ത്രപ്രധാന സഖ്യമായതു കൊണ്ടു തന്നെ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനവുമാണ്. ഇത് വെറുമൊരു വ്യവസായ ബന്ധം മാത്രമല്ല. ഇതിനെ കുറിച്ച് മോഡി പറഞ്ഞു മാത്രമെ എനിക്കും പറയാനുള്ളൂ- മക്രോണ്‍ വിശദീകരിച്ചു.
36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള 58,000 കോടി രൂപയുടെ കരാര്‍ ഇന്ത്യയും ഫ്രാന്‍സും കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഒപ്പുവച്ചത്. ആദ്യ റഫാല്‍ യുദ്ധവിമാനം 2019 സെപ്തംബറില്‍ ഇന്ത്യയ്ക്കു ലഭിക്കും. ഈ വിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് പ്രതിരോധ ആയുധ നിര്‍മ്മാണ രംഗത്ത് തീരെ പരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് മൂല കാരണം. നേരത്തെ കരാറിന്റെ ഭാഗമായിരുന്ന യുദ്ധവിമാനങ്ങല്‍ നിര്‍മ്മിച്ച് അനുഭവസമ്പത്തുള്ള പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ തഴഞ്ഞാണ് മോഡി സര്‍ക്കാര്‍ റിലയന്‍സിനു വഴിയൊരുക്കിയത്. ഇന്ത്യയിലെ പ്രാദേശിക പങ്കാളിയായ റിലന്‍സിനെ മാത്രമാണ് ഇന്ത്യ നിര്‍ദേശിച്ചതെന്ന് കരാര്‍ ഒപ്പിട്ട മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദിന്റെ വെളിപ്പെടുത്തലാണ് റഫാല്‍ വിവാദം വീണ്ടും കൊഴുപ്പിച്ചത്.