മുംബൈ- നാനാപടേക്കറാണ് ലൈംഗികമായി തന്നെ ഉപദ്രവിച്ചതെന്ന് നടി തനുശ്രീ ദത്ത. സൂം ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് തന്നെ ഉപദ്രവിച്ചയാളുടെ പേര് തനുശ്രീ പുറത്തുവിട്ടത്. ഹോൺ ഒ.കെ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു പീഡനമെന്നും അവർ പറഞ്ഞു. സിനിമയിലെ ഐറ്റം സോംഗ് ചിത്രീകരണത്തിനിടെ നാനാപടേക്കർ തന്നെ സഭ്യമല്ലാത്ത രീതിയിൽ സ്പർശിച്ചുവെന്നും തനുശ്രീ ആരോപിച്ചു.
അവരുടെ പേരുവിവരം ഞാൻ പുറത്തുവിടുകയാണ്. നടൻ നാനാപടേക്കർ, നിർമാതാവ് സമി സിദ്ദീഖി, സംവിധായകൻ രാകേശ് സാംരംഗ് എന്നിവരാണത്. ഗാനചിത്രീകരണത്തിനിടെയാണ് നാനേപടേക്കർ തന്നോട് മോശമായി പെരുമാറിയത്. സത്യത്തിൽ അന്നത്തെ ഗാനരംഗത്തിൽ അയാൾ ഉണ്ടായിരുന്നില്ല. താൻ ഒപ്പിട്ട കരാറിൽ അതൊരു സോളോ നൃത്തമായിരുന്നു. എന്നാൽ എന്നെ അവർ അക്ഷരാർത്ഥത്തിൽ കെണിയിൽപ്പെടുത്തുകയായിരുന്നു. ആ രംഗത്തിൽ അഭിനയിക്കില്ലെന്ന് ഞാൻ പറഞ്ഞു. തന്റെ ഇംഗിതത്തിന് വഴങ്ങില്ലെന്ന് കണ്ടപ്പോൾ അയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും തനുശ്രീ ആരോപിക്കുന്നു.
നാനാ പടേക്കറെ പറ്റി സംവിധായകനോടും നിർമാതാവിനോടും പരാതി ഉന്നയിച്ചെങ്കിലും അവർ ഗൗനിച്ചില്ല. ഞാൻ സിനിമയിൽ പുതുമുഖമായിരുന്നു. തന്റെ നേരെയുണ്ടായ അതിക്രമം എല്ലാവരും നേരിട്ട് കണ്ടിരുന്നുവെന്നും എന്നാൽ ഒരാൾ പോലും ഇതിനെ അപലപിക്കാൻ മുന്നോട്ടുവന്നില്ല. ഈ രാജ്യത്തെ ഓരോ പൗരനും എനിക്ക് സംഭവിച്ച ദുരന്തത്തെ പറ്റി അറിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാവരും അതിനോട് കുറ്റകരമായ മൗനം പാലിക്കുകയാണ്-തനുശ്രീ പറഞ്ഞു.
നമ്മുടെ നാട്ടുകാർ വളരെയധികം കാപട്യവുമായാണ് മുന്നോട്ടുപോകുന്നത്. എന്തുകൊണ്ട് ഹോളിവുഡിലേത് പോലെ ഇന്ത്യയിലും ഒരു മീ ടൂ കാംപെയിൻ സംഭവിക്കുന്നില്ല എന്ന് ആളുകൾ ചോദിക്കുന്നു. എന്നെ പീഡിപ്പിച്ച നടനെ ബോളിവുഡിൽ എല്ലാവർക്കും അറിയാം. എന്നാൽ ഈ സംഭവം അറിയാമായിരുന്നിട്ടും ആരും അന്ന് ഒന്നും മിണ്ടിയില്ല. 2008ൽ എനിക്ക് സംഭവിച്ചത് എന്താണ് എന്ന് പറയാതെയും അംഗീകരിക്കാതെയും അത്തരമൊന്ന് ഈ നാട്ടിലുണ്ടാകില്ല- തനുശ്രീ പറയുന്നു.
2008-ലാണ് തനുശ്രീ ഈ ആരോപണം ആദ്യം ഉന്നയിച്ചത്. എന്നാൽ അവർ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.
തനുശ്രീ എനിക്ക് മകളെ പോലെയാണെന്നും അവരുന്നയിച്ച ആരോപണത്തിന് ഒരു തെളിവും ഇല്ലെന്നും നാനാപടേക്കർ 2008-ൽ തന്നെ വ്യക്തമാക്കിയിരുന്നു. താൻ സിനിമാമേഖലയുടെ ഭാഗമായിട്ട് 35 കൊല്ലമായി. ഇതേവരെ ഒരാളും എന്റെ പേരിൽ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നുമായിരുന്നു നാനാപടേക്കറുടെ വിശദീകരണം.