മുംബൈ- മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ തന്റെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനെന്നു പറഞ്ഞ് വിമാനത്തിലെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച് ബഹളമുണ്ടാക്കി. മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ഈ സമയം വിമാനം പറന്നുയര്‍ന്നിട്ടില്ലായിരുന്നു. മോശമായി പെരുമാറിയ 35കാരനായ യുവാവിനെ വിമാന ജീവനക്കാര്‍ പിടികൂടി പുറത്തിറക്കി പോലീസില്‍ ഏല്‍പ്പിച്ചു. വൈകുന്നേരം 5.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സംഭവത്തെ തുടര്‍ന്ന് 15 മിനിറ്റ് വൈകി 6.10നാണ് പറന്നുയര്‍ന്നത്.
ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പിന്നീട് പോലീസ് വിട്ടയക്കുകയും ചെയ്തു. മദ്യലഹരിയില്‍ വിമാനത്തില്‍ കയറിയ ശേഷം മൊബൈല്‍ റീചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചത്. യാത്രക്കാര്‍ക്ക് കോക്പിറ്റിലേക്ക് പ്രവേശനമില്ല. തുടര്‍ന്ന് സുരക്ഷാ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ യുവാവിനെ പുറത്താക്കുകയായിരുന്നു. യുവാവിനെതിരെ കുറ്റമൊന്നും ചുമത്തിയിട്ടില്ലെന്നും ചോദ്യം ചെയ്ത് വിട്ടയച്ചതായും എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ പട്‌നയിലേക്കു പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരന്‍ ശുചിമുറിയുടെ വാതിലാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചതിന് പിടിയിലായി. ഇയാളെ വിമാന അധികൃതര്‍ പിടികൂടി പട്‌ന പോലീസിനു കൈമാറി. താന്‍ ആദ്യമായാണ് വിമാനയാത്ര ചെയ്യുന്നതെന്നും ടോയ്‌ലെറ്റ് വാതിലാണെന്ന് തെറ്റിദ്ധരിച്ചാണ് എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.