മീറത്ത്- ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങിയെന്ന് ആരോപിച്ച് യുവതിയെ പോലീസുകാര്‍ മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പോലീസ് ജീപ്പില്‍വെച്ച് പോലീസുകാരി ആവര്‍ത്തിച്ച് മുഖത്ത് അടിക്കുന്നതും ഇതര മതത്തിലെ ജീവിതപങ്കാളിയെ തെരഞ്ഞെടുത്തതിനെ ചൊല്ലി പുരുഷ പോലീസുകാര്‍ അസഭ്യം പറയുന്നതുമായ വിഡിയോ ആണ് പ്രചരിക്കുന്നത്.
മീറത്തില്‍ നടന്ന സംഭവത്തില്‍ മൂന്ന് പോലീസുകാരെയും ഒരു വനിതാ കോണ്‍സ്റ്റബിളിനേയും സസ്‌പെന്റ് ചെയ്തു.
മീറത്തിലെ മെഡിക്കല്‍ ഏരിയയില്‍ വെച്ച് പ്രദേശവാസികള്‍ യുവതിയേയും യുവാവിനേയും പിടികൂടി വിശ്വഹിന്ദു പരിഷത്തുകാരെ ഏല്‍പിക്കുകയായിരുന്നു. വി.എച്ച്.പിക്കാരില്‍നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെതിരെ ഹരജി ഫയല്‍ ചെയ്യാന്‍ വി.എച്ച്.പിക്കാര്‍ നിര്‍ബന്ധിച്ചെങ്കിലും യുവതിയുടെ പിതാവ് തയാറായില്ല. തെറ്റിദ്ധാരണമൂലം ഉടലെടുത്ത സംഭവമാണെന്നാണ് അദ്ദേഹം പറഞ്ഞത്.