Sorry, you need to enable JavaScript to visit this website.

യുഎന്നില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയുടെ പിഞ്ചു മകള്‍

യുഎന്‍- പ്രധാനമന്ത്രി പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കി ഈയിടെ ലോക ശ്രദ്ധപിടിച്ചുപറ്റിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആഡേണിന്റെ മൂന്നു മാസം പ്രായമായ കുഞ്ഞ് ഐക്യരാഷ്ട്ര സഭയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. യുഎന്‍ പൊതുസഭയില്‍ നെല്‍സണ്‍ മണ്ഡേല സമാധാന സമ്മേളത്തില്‍ പ്രസംഗിക്കാനെത്തിയതായിരുന്നു ജസീന്ത. പ്രധാനമന്ത്രിയായ അമ്മയ്‌ക്കൊപ്പമെത്തിയ മകള്‍ നെവെ തെ അരോഹ പൊതുസഭയിലെത്തുന്ന ആദ്യ കുട്ടി ആയാണ് ചരിത്രം സൃഷ്ടിച്ചത്. അമ്മ ജസീന്തയ്ക്കും അച്ഛന്‍ ക്ലാര്‍ക്ക് ഗേഫോര്‍ഡിനുമൊപ്പമെത്തിയ കുഞ്ഞു നെവെ അമ്മയുടെ മടിയിലായിരുന്നു ഏറെ സമയവും. ജസീന്ത കുഞ്ഞിനെ ലാളിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ജസീന്ത പ്രസംഗിച്ചപ്പോള്‍ കുഞ്ഞു നെവെയെ മടിയിലിരുത്തിയത് ഗേഫോര്‍ഡായിരുന്നു.

യുഎന്‍ പൊതുസഭയിലേക്ക് പ്രവേശിക്കാന്‍ കുഞ്ഞു നവെക്ക് അധികൃതര്‍ നല്‍കിയ ഐഡികാര്‍ഡിന്റെ ചിത്രം ജസീന്തയുടെ പങ്കാളി ഗേഫോര്‍ഡ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ന്യൂസിലാന്‍ഡ് ഫസ്റ്റ് ബേബി എന്നായിരുന്നു അതിലെ വിശേഷണം. യുഎന്‍ ആസ്ഥാനത്തെ ഒരു മുറിക്കകത്തു വച്ച് കുഞ്ഞിന്റെ വസ്ത്രങ്ങള്‍ മാറുന്നതിനിടെ അവിടെ എത്തിയ ജാപ്പനീസ് സംഘം ഇതു കണ്ട് അന്തംവിട്ടത് ഫോട്ടോ എടുക്കാന്‍ കഴിയാതെ പോയെന്നും ഗേഫോര്‍ഡ് തമാശ പങ്കുവച്ചിരുന്നു.

Latest News