ന്യൂദല്‍ഹി- ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അകപ്പെട്ട മലയാളിയും ഇന്ത്യന്‍ നാവികസേനാ കമാന്‍ഡറുമായ അഭിലാഷ് ടോമിയെ (39) ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചു. ഇവിടെ അഭിലാഷിന് പ്രാഥമിക ചികിത്സ നല്‍കിയതായി നാവികസേന അറിയിച്ചു. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. രാവിലെ ഒമ്പരതയോടെയാണ് ഫ്രഞ്ച് മത്സ്യബന്ധനക്കപ്പലായ ഒസിരിസ് ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിയത്.
27ന് ഓസ്‌ട്രേലിയയുടെയും 29ന് ഇന്ത്യന്‍ നാവികസേനയുടെയും കപ്പലുകള്‍ ദ്വീപിലെത്തും. ഇവിടെ നിന്ന് എവിടേക്കാണ് അഭിലാഷിനെ മാറ്റേണ്ടത് എന്ന കാര്യത്തില്‍ അതിനുശേഷമായിരിക്കും തീരുമാനമെടുക്കുക. അടിയന്തര വൈദ്യസേവനം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ നാവികസേനയുടെ സത്പുര എത്താന്‍ കാത്തുനില്‍ക്കാതെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോകുമെന്നു ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ കൊടുങ്കാറ്റില്‍ തുരീയ എന്ന പായ്വഞ്ചി തകര്‍ന്നാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. നടുവിനു പരുക്കുള്ളതിനാല്‍ സ്‌ട്രെച്ചറില്‍ ചെറുബോട്ടിലേക്കു മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കപ്പലിലെ ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. ഒറ്റയ്ക്കു ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി മല്‍സരത്തില്‍ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്.