Sorry, you need to enable JavaScript to visit this website.

അഭിഭാഷകരായ എം.പിമാര്‍ക്കും എ.എല്‍.എമാര്‍ക്കും കോടതിയില്‍ പ്രാക്ടീസ് ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- അഭിഭാഷകരായ ജനപ്രതിനിധികള്‍ക്ക് എല്‍.എല്‍.എ, എം.പി പദവിയിലിരിക്കെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതിന് തടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ജനപ്രതിനിധികള്‍ ശമ്പളം വാങ്ങുന്ന മുഴുസമയ ജോലിക്കാരല്ലാത്തതിനാല്‍ ബാര്‍ കൗണ്‍സില്‍ ചട്ടം 49 ഇവര്‍ക്ക് ബാധകമാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മുന്നംഗ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ എം.പിമാരേയും എം.എല്‍.എമാരേയും പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കി നിലവില്‍ ഒരു ചട്ടവുമില്ല. ദല്‍ഹി ബി.ജെ.പി വക്താവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരായതിനാല്‍ അവരെ അഭിഭാഷകരായി കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു അശ്വിനി കുമാറിന്റെ ഹര്‍ജി. എല്ലാ പൊതു സേവകരേയും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്ന ബാര്‍ കൗണ്‍സില്‍ ചട്ടം 49 റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളും അഭിഭാഷക നിയമവും ചൂണ്ടിക്കാട്ടി പ്രാക്ടീസ് ചെയ്യരുതെന്ന് ജനപ്രതിനിധികള്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഈ ഹര്‍ജിയെ കോടതിയില്‍ എതിര്‍ത്തത്. തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എല്‍.എമാരും മുഴുസമയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലെന്നും അവരെ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചത്.
 

Latest News