ന്യുദല്‍ഹി- ഹിമാമചല്‍ പ്രദേശിലെ ലാഹോള്‍, സ്പിതി പര്‍വത മേഖലകളില്‍ കനത്ത മഞ്ഞു വീഴ്ചയില്‍ അകപ്പെട്ട് കാണാതായ 45 പേരില്‍ 35 പേരും റൂര്‍ക്കി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍. ട്രെക്കിങ്ങിനു പോയതായിരുന്നു ഇവര്‍. മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഹംപ്ത ചുരത്തിലേക്ക് ട്രെക്കിങ്ങിനു പോയതായിരുന്നു വിദ്യാര്‍ത്ഥി സംഘം. ശേഷം ഇവര്‍ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിലേക്കു തിരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിതാവായ രാജ്വീര്‍ സിങ് പറഞ്ഞു.
കനത്ത മഞ്ഞുവീഴ്ച തുടരുന്ന ഹിമാചലില്‍ വിവിധയിടങ്ങളിലുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ അഞ്ചു പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുള്ളു, കംഗ്ര, ചംബ ജില്ലകളിലാണ് തിങ്കളാഴ്ച അപായമുണ്ടായത്. കുള്ളുവില്‍ ഒരു പെണ്‍കുട്ടി അടക്കം നാലു പേര്‍ മരിച്ചു. കംഗ്രയില്‍ ഒരാളും. പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായി. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. നിരവധി വീടുകളും വാഹനങ്ങളും മറ്റും ഒഴുകിപ്പോയി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.