അബഹ- മജാരിദയിൽ തെരുവു വിളക്കു കാലിൽ നിന്ന് ഷോക്കേറ്റ് ഒമ്പതു വയസ്സുകാരി മരിച്ചു. ദേശീയ ദിനാഘോഷത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുടുംബാംഗങ്ങൾക്കൊപ്പം അൽഫൻ സ്ട്രീറ്റിലൂടെ നടക്കുന്നതിനിടെയാണ് ബാലികക്ക് ഷോക്കേറ്റത്. സമീപ കാലത്ത് നിർമാണം പൂർത്തിയായ ഈ റോഡിൽ സന്ദർശകരുടെയും വിനോദ സഞ്ചാരികളുടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അപകടത്തെ തുടർന്ന് സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിൽ ഈ റോഡിലെ അഞ്ചു തെരുവു വിളക്കു കാലുകളിൽ ഷോക്കുള്ളതായി വ്യക്തമായി. ഇതേ തുടർന്ന് അൽഫൻ സ്ട്രീറ്റിലെ തെരുവു വിളക്കു കാലുകളിലേക്കുള്ള വൈദ്യുതി സിവിൽ ഡിഫൻസ് വിച്ഛേദിച്ചു.
തകരാറ് ശരിയാക്കി പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തിയല്ലാതെ തെരുവു വിളക്കുകൾ വീണ്ടും പ്രവർത്തിപ്പിക്കരുതെന്ന് നഗരസഭക്ക് സിവിൽ ഡിഫൻസ് നിർദേശം നൽകിയിട്ടുണ്ട്.