- ജനാധിപത്യത്തിന്റെ വിജയമെന്ന് ഇന്ത്യ
കൊളംബോ- മാലദ്വീപിൽ പ്രസിഡന്റ് അബ്ദുല്ല യമീന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന് വൻ വിജയം. പോൾ ചെയ്ത വോട്ടിൽ 58 ശതമാനത്തിലേറെ നേടിയാണ് 62 കാരനായ സ്വാലിഹ് അട്ടിമറി ജയം നേടുന്നത്. തോൽവി അംഗീകരിക്കുന്നതായി യമീൻ സമ്മതിച്ചു. തന്റെ കാലാവധി തീരുന്ന നവംബർ 17ന് പുതിയ പ്രസിഡന്റിന് താൻ അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മാലദ്വീപ് ജനത അവരുടെ തീരുമാനം എടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം തന്നെ ഞാൻ ഫലം അംഗീകരിച്ചു കഴിഞ്ഞതാണ്' -യമീൻ ടി.വി സന്ദേശത്തിൽ പറഞ്ഞു. മാലദ്വീപിലെ ജനങ്ങൾ അവരുടെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്ത ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെ ഇന്ന് രാവിലെ താൻ കണ്ടതായും, അദ്ദേഹത്തെ അഭിനന്ദിച്ചതായും യമീൻ തുടർന്നു.
തെരഞ്ഞെടുപ്പ് വിജയത്തിനായി യമീൻ നടത്തിയ സകല കുതന്ത്രങ്ങളും തള്ളിക്കൊണ്ടാണ് ജനങ്ങൾ സ്വാലിഹിനെ വിജയിപ്പിച്ചത്. ബാലറ്റ് പേപ്പറിൽ രണ്ടേ രണ്ട് സ്ഥാനാർഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ സ്വാലിഹിന് മറ്റ് പ്രമുഖ കക്ഷികളെല്ലാം പിന്തുണ നൽകുകയായിരുന്നു. തന്റെ മറ്റ് രാഷ്ട്രീയ എതിരാളികളെ മുഴുവൻ യമീൻ ജയിലിലടക്കുകയോ, നാടുകടത്തുകയോ ചെയ്തു. മാധ്യമങ്ങൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി. പോളിംഗിൽ വ്യാപക അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് നിഷ്പക്ഷ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമല്ലെങ്കിൽ അംഗീകരിക്കില്ലെന്ന് അമേരിക്കയും, യൂറോപ്യൻ യൂനിയനും മാലദ്വീപ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
യമീനോടുള്ള ജനരോഷം വോട്ടെടുപ്പിൽ തന്നെ പ്രകടമായിരുന്നു. 2.62 ലക്ഷം വരുന്ന വോട്ടർമാരിൽ 90 ശതമാനവും പോളിംഗ് ബൂത്തിലെത്തി. ചിലർ അഞ്ചും ആറും മണിക്കൂർ വരി നിന്നാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിൽ സ്വാലിഹിന് 58.3 ശതമാനം വോട്ട് ലഭിച്ചതായാണ് ഏറ്റവും ഒടുവിലെ വിവരം. യമീന് 41.7 ശതമാനവും. ഔദ്യോഗിക ഫലപ്രഖ്യാപനം വരാൻ ഒരാഴ്ച കഴിയും.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ ജനങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് തെരുവിലിറങ്ങി. അപ്പോഴും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശങ്ക നിലനിന്നു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ യമീൻ അടുത്തതായി എന്തു നീക്കം നടത്തുമെന്നതായിരുന്നു ആശങ്ക. പ്രത്യേകിച്ചും 2013ലെ കുതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ.
അന്ന് മുൻ പ്രസിഡന്റ് മുഹമ്മദ് നശീദ് വോട്ടെണ്ണലിൽ മുന്നിട്ടു നിൽക്കവേ സുപ്രീം കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയായിരുന്നു. തുടർന്ന് യമീൻ പുതിയ കൂട്ടുകെട്ടുകൾക്ക് രൂപം നൽകുകയും രണ്ട് തവണ മാറ്റിവെച്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഒപ്പിച്ചെടുക്കുകയുമായിരുന്നു. ഇക്കുറിയും അതിനുള്ള നീക്കം മുന്നിൽ കണ്ടാണ് അമേരിക്കയും മറ്റും മുന്നറിയിപ്പ് നൽകിയത്.
തെരഞ്ഞെടുപ്പ് വിജയത്തിൽ സ്വാലിഹിനെ ഇന്ത്യ അഭിനന്ദിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് വിദേശകാര്യ മന്ത്രാലയം ന്യൂദൽഹിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ യമീന് പിന്തുണ നൽകുന്ന ചൈന, തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ചൈനയുടെ സഹായത്തോടെ വിവിധ വികസന പദ്ധതികൾ രാജ്യത്ത് നടപ്പാക്കി വരികയായിരുന്നു യമീൻ.
എങ്കിലും ജനവികാരം തനിക്കെതിരാണെന്ന് മനസ്സിലാക്കിയ യമീൻ കിരാത നടപടികളിലൂടെയാണ് അതിനെയെല്ലാം നേരിട്ടത്. തന്റെ അർധസഹോദരനും 30 വർഷക്കാലം രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്ന മഹ്മൂദ് അബ്ദുൽ ഗയൂണിനെയടക്കം രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചു. രാഷ്ട്രീയ അട്ടിമറിക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാരെയും അഴിക്കുള്ളിലാക്കി. മുഹമ്മദ് നശീദ് അടക്കമുള്ളവർ ശ്രീലങ്കയിൽ അഭയം തേടി. യമീനെതിരെ വാർത്തകളെഴുതിയ മാധ്യമ പ്രവർത്തകർ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഏറ്റവുമൊടുവിൽ സ്വാലിഹിന്റെ പാർട്ടിയായ എം.ഡി.പിയുടെ ആസ്ഥാനത്ത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റെയ്ഡ് നടത്തുകയും ചെയ്തു.
അധികാരത്തിലെത്തിയാൽ മാധ്യമ പ്രവർത്തകരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സ്വാലിഹ് ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു. വോട്ടെണ്ണൽ ഫലം അറിഞ്ഞതോടെ, രാഷ്ട്രീയ തടവുകാരെ ജയിലിൽ നിന്ന് വിട്ടയക്കാൻ താൻ യമീനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.