ന്യൂദൽഹി- ഫ്രഞ്ച് കമ്പനിയായ ദസു ഏവിയേഷനിൽ നിന്ന് വാങ്ങുന്ന റഫാൽ വിമാനങ്ങളുടെ വില വെളിപ്പെടുത്താത്തതിലും റിലയൻസ് ഡിഫൻസിന് കരാർ നൽകിയതിലും മോഡി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് മോഡിയെ കള്ളനെന്നാണ് വിളിച്ചത്. എന്നിട്ടും അദ്ദേഹം മിണ്ടുന്നില്ല. എന്തുകൊണ്ടാണ് കള്ളനെന്ന വിളി കേൾക്കേണ്ടി വന്നതെന്ന കാര്യത്തിലും മോഡി വിശദീകരണം നൽകണം. രാജ്യത്തിന്റെ കാവൽക്കാരനെന്ന് അവകാശപ്പെടുന്ന മോഡി എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്നുണ്ടെങ്കിലും റഫാൽ വിഷയത്തിൽ ഒരക്ഷരം മിണ്ടുന്നില്ല. കരാർ അട്ടിമറിച്ച് റിലയൻസിന് നൽകിയതിലൂടെ അനിൽ അംബാനിക്ക് മോഡി 30,000 കോടി രൂപയുടെ നേട്ടമുണ്ടാക്കി കൊടുത്തു എന്ന ആരോപണവും അമേത്തി സന്ദർശനത്തിനിടെ രാഹുൽ ആവർത്തിച്ചു.
റഫാൽ ഇടപാടിൽ അടിയന്തര റിപ്പോർട്ട് തയാറാക്കി പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് കോൺഗ്രസ് ചീഫ് വിജിലൻസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ദേശീയ സുരക്ഷ അപകടപ്പെടുത്തി, പൊതു ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി എന്നതുൾപ്പെടെ വിശദമായ നിവേദനമാണ് കോൺഗ്രസ് നേതാക്കൾ ഇന്നലെ വിജലൻസ് കമ്മീഷണർ കെ.വി. ചൗധരിക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡിനെ അട്ടിമറിച്ച് വ്യവസായ സുഹൃത്തുക്കൾക്കു വേണ്ടി കരാർ മാറ്റി നൽകിയെന്നും പാർട്ടി നേതൃത്വം വിജിലൻസ് കമ്മീഷണറെ ധരിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ, കപിൽ സിബൽ, രൺദീപ് സിംഗ് സുർജേവാല, ജയറാം രമേഷ്, അഭിഷേക് സിംഗ്‌വി, മനീഷ് തിവാരി, വിവേക് തൻക, പ്രമോദ് തിവാരി, പ്രണവ് ഝാ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രി നിർമല സീതാരാമനും നുണകൾ പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
കേന്ദ്ര മന്ത്രിമാർ പ്രധാനമന്ത്രിയുടെ നുണകൾ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്ന് ആനന്ദ് ശർമ പത്രസമ്മേളനത്തിൽ ആരോപിച്ചു. 2015 മാർച്ച് 25 ദസു ഏവിയേഷന്റെ മേധാവി എരിക് ട്രാപ്പിയർ വ്യോമസേനയുടെയും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന്റെയും മേധാവികളുമായി സംസാരിക്കുന്നതിന്റെ വീഡിയോയും കോൺഗ്രസ് പുറത്തുവിട്ടു. ഇതിന് 17 ദിവസത്തിന് ശേഷമാണ് മോഡി ഇടപെട്ട് കരാർ റിലയൻസിന് നൽകിയതെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ദസുവും എച്ച്.എ.എല്ലുമായുള്ള കരാർ ഏകദേശം അന്തിമ ഘട്ടത്തിലെത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് വ്യോമസേന മേധാവി ഉൾപ്പെടെയുള്ളവരുമായി എറിക് ട്രാപ്പിയർ സംസാരിച്ചത്. എന്നാൽ, ഉന്നത ഇടപെടലിലൂടെയാണ് ഇത് അട്ടിമറിച്ച് കരാർ റിലയൻസിന് ലഭ്യമാക്കിയതെന്നും ആനന്ദ് ശർമ ആരോപിച്ചു. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയെ അറിയാക്കാതെയും പ്രതിരോധ ചട്ടങ്ങൾ അട്ടിമറിച്ചുമാണ് ഈ കരാർ റിലയൻസിന് നൽകിയതെന്നും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ നുണകളെ ന്യായീകരിക്കാൻ വേണ്ടി മാത്രമാണ് പോർവിമാന നിർമാണ രംഗത്ത് എച്ച്.എ.എല്ലിന് പ്രവൃത്തി പരിചയമില്ലെന്ന് നിർമല സീതാരാമൻ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.