ഫലസ്തീന്‍ ഗ്രാമം ഇടിച്ചുനിരത്താന്‍ ഒരുങ്ങി ഇസ്രായില്‍

വെസ്റ്റ്ബാങ്ക്- ഇസ്രായില്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെസ്റ്റ്ബാങ്ക് ഗ്രാമമായ ഖാന്‍ അല്‍ അഹ്മറില്‍ താമസിക്കുന്ന ഫല്‌സതീനികളെ ഒഴിപ്പിക്കാനുളള നീക്കം ശക്തമാക്കി. ഒക്ടോബര്‍ ഒന്നിനുശേഷം ഇവിടെയുള്ള കുടിലുകള്‍ തകര്‍ക്കുമെന്നും അതിനുമുമ്പായി ഗ്രാമം വിടണമെന്നും അന്ത്യശാസനം നല്‍കിയിരിക്കയാണ്. ഇസ്രായില്‍ കുടിയേറ്റ കേന്ദ്രത്തിനു പുറത്ത് ഫലസ്തീനികള്‍ നിയമവിരുദ്ധമായി നിര്‍മിച്ച വീടുകളാണിതെന്ന് ഇസ്രായില്‍ വാദിക്കുന്നു. എന്നാല്‍ വീടുകള്‍ ഇടിച്ചുനിരത്തുന്നത് ഇസ്രായില്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനാണെന്ന് ഫലസ്തീനികള്‍ ആരോപിക്കുന്നു.
കിഴക്കന്‍ ജറൂസലമിനെ വെസ്റ്റ് ബാങ്കില്‍നിന്ന് വേര്‍തിരിക്കുകയാണ് ഇസ്രായില്‍ പദ്ധതി.
വെസ്റ്റ് ബാങ്കിനും കിഴക്കന്‍ ജറൂസലമിനും ഇടയിലുള്ള  ഗ്രാമത്തില്‍ 200 ഫലസ്തീനികളാണ് താമസിക്കുന്നത്. ഇവിടം ഇടിച്ച് നിരത്തി കുടിയേറ്റ കേന്ദ്രം നിര്‍മിച്ചാല്‍ കിഴക്കന്‍ ജറൂസലമിനെ പ്രദേശങ്ങളില്‍നിന്ന് വേര്‍തിരിക്കാനാകുമെന്ന് ഇസ്രായില്‍ കണക്കുകൂട്ടുന്നു.
കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കിയാണ് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനായി ഫലസ്തീന്‍ അതോറിറ്റി ശ്രമം തുടരുന്നത്. ഖാന്‍ അല്‍ അഹ്മറില്‍ കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചാല്‍ വെസ്റ്റ് ബാങ്കിലുള്ള ഫലസ്തീനികള്‍ക്ക് കിഴക്കന്‍ ജറൂസലമിലേക്ക് പ്രവേശിക്കാനാകില്ല.
ഇസ്രായേലിന്റെ നടപടിയെ ചോദ്യം ചെയ്ത് ഫലസ്തീന് പിന്തുണയുമായി എട്ട് യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തുണ്ടെങ്കിലും കര്‍ശന നിലപാടിലാണ് ഇസ്രായില്‍. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനുള്ള സാധ്യതകള്‍ തേടുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അറിയിച്ചു.

 

Latest News