ന്യൂദല്‍ഹി- കോടികളുടെ ബാങ്ക് വായ്പ വെട്ടിച്ച് മറ്റൊരു വ്യവസായി കൂടി അധികൃതരുടെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നു. 5000 കോടി രൂപയുടെ ബാങ്കു തട്ടിപ്പു കേസില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) തിരഞ്ഞ് കൊണ്ടിരിക്കുന്ന പ്രമുഖ ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശരയും കുടുംബവും നൈജീരിയയില്‍ ഒളിവില്‍ കഴിയുന്നതായാണ് പുതിയ റിപോര്‍ട്ട്. ഗുജറാത്ത് ആസ്ഥാനമായ സ്റ്റേര്‍ലിങ് ബയോടെക്ക് എന്ന കമ്പനി ഉടമയായ സന്ദേശര നേരത്തെ യുഎഇയില്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ദുബായില്‍ വച്ച് പിടിയിലായിട്ടില്ലെന്നാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. നൈജീരിയയുമായി ഇന്ത്യയ്ക്ക് കുറ്റവാളി കൈമാറ്റ കരാറോ പരസ്പര നിയമ സഹായ ഉടമ്പടിയോ ഇല്ലാത്തതിനാല്‍ ഇവരെ പിടികൂടുക ദുഷ്‌ക്കരമാകും.
ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ദുബായില്‍ വച്ച് സന്ദേശരയും കുടുംബാംഗങ്ങളും പിടിയിലായെന്ന വിവരം തെറ്റാണ്. ഇതിനു മുമ്പ് തന്നെ ഇവര്‍ നൈജീരിയയിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണോ നൈജീരിയയിലേക്ക് കടന്നതെന്ന് വ്യക്തമല്ലെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ യുഎഇയോട് ആവശ്യപ്പെടും. സന്ദേശരയ്ക്കും കുടുംബത്തിനുമെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നൊട്ടീസ് ഇറക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. നിതിന്‍ സന്ദേശരയ്‌ക്കൊപ്പം കമ്പനി ഡയറക്ടര്‍മാര്‍ കൂടിയായ സഹോദരന്‍ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ എന്നിവരും നൈജീരിയയില്‍ ഒളിവില്‍ കഴിയുന്നതായാണു വിവരം.
ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ബാങ്കുകളില്‍ നിന്ന് സ്‌റ്റെര്‍ലിങ് ബയോടെക് എന്ന മരുന്ന് കമ്പനി എടുത്ത 5000 കോടി രൂപയുടെ വായ്പ തിരിച്ചടച്ചില്ലെന്നാണ് കേസ്. 2016 ഡിസംബര്‍ 31ലെ കണക്കു പ്രകാരം 5383 കോടി രൂപ കമ്പനിക്ക് കുടിശ്ശികയുണ്ട്. സന്ദേശരയുടെ കുടുംബാംഗങ്ങള്‍ക്കു പുറമെ സ്റ്റെര്‍ലിങ് ഡയറക്ടമാരായ രാജ്ഭൂഷണ്‍ ഓംപ്രകാശ് ദിക്ഷിത്, വിലാസ് ജോഷി, മുന്‍ ആന്ധ്രാ ബാങ്ക് ഡയറക്ടര്‍ അനുപ് ഗാര്‍ഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹേമന്ദ് ഹാത്തി, തരിച്ചറിപ്പെടാത്ത ഏതാനും പേര്‍ എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അനുപ് ഗാര്‍ഗിനേയും ദല്‍ഹി വ്യവസായി ഗഗന്‍ ധവാനേയം അറസ്റ്റ് ചെയ്ത് മൂന്ന് മാസം മുമ്പ് 4,700 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടിയിരുന്നു. എങ്കിലും സന്ദേശര കുടുംബത്തെ പിടികൂടല്‍ അത്യാവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ബാങ്കില്‍ നിന്നും വായ്പ എടുത്ത കോടികള്‍ വകമാറ്റി ഇന്ത്യയിലും വിദേശത്തുമുള്ള മുന്നൂറോളം കടലാസു കമ്പനികള്‍ക്കും ബെനാമികള്‍ക്കും കൈമാറി എന്നാണ് കേസ്. ബാങ്കുകളില്‍ നിന്ന്് വീണ്ടും വായ്പകള്‍ തരപ്പെടുത്തുന്നതിന് കമ്പനിയുടെ വിറ്റുവരവ് കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുകയും ചെയ്‌തെന്നും കേസ് വ്യക്തമാക്കുന്നു.