ന്യൂദൽഹി- പായ് വഞ്ചി മത്സരമായ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കവെ അപടത്തിൽപ്പെട്ട മലയാളിയായ നാവികസേന കമാൻഡർ അഭിലാഷ് ടോമിയെ രക്ഷിച്ചു. ഫ്രഞ്ച് കപ്പൽ ഒസിരിസ് അഭിലാഷിന്റെ പായ്‌വഞ്ചിക്ക് സമീപമെത്തി. കപ്പലിൽനിന്ന് ചെറുവഞ്ചിയിലാണ് രക്ഷാസംഘം അഭിലാഷിന് അടുത്തെത്തിയത്. എട്ടുമീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റും മറികടന്നാണ് സംഘം അഭിലാഷിന് സമീപത്ത് എത്തിയത്. ഇലെ ആംസ്റ്റ്ഡാം എന്ന ദ്വീപിലേക്കാണ് അഭിലാഷ് ടോമിയെ ആദ്യം കൊണ്ടുവരിക. ഇവിടെ വിദഗ്ദ പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഓസ്്ട്രേലിയൻ റെസ്‌ക്യു കോർഡിനേറ്റിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടന്നത്.നാവിക സേന കപ്പൽ ഐഎൻസ് സത്പുര,ചേതക് ഹെലികോപ്ടർ,ടാങ്കർ ഐഎൻസ് ജ്യോതി എന്നിവയും രക്ഷാ പ്രവർത്തനത്തിൽ സജീവമായിരുന്നു. ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റി ആരംഭിച്ചിടത്ത് തന്നെ മടങ്ങിയെത്തുന്നതാണ് ഗോൾഡൻ ഗ്ലോബൽ പ്രയാണം. 30,000 നോട്ടിക്കൽ മൈൽ ദൂരം പ്രതീക്ഷിക്കുന്ന പ്രയാണം 311 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് അഭിലാഷ് ടോമി ലക്ഷ്യമിട്ടിരുന്നത്. ജൂലൈ ഒന്നിന് ഫ്രാൻസിൽ നിന്നാണ് അഭിലാഷ് ടോമി തുരിയ എന്ന പായ് വഞ്ചിയിൽ യാത്ര ആരംഭിച്ചത്.ദക്ഷിണേന്ത്യൻ കടലിൽ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നും ഏകദേശം 1900 നോട്ടിക്കൽ മൈൽ അകലെവെച്ച് കഴിഞ്ഞ ദിവസം മാണ്് രൂക്ഷമായ കടൽക്ഷോഭത്തിലും കാറ്റിലും പെട്ട് അഭിലാഷ് ടോമി സഞ്ചരിച്ചിരുന്ന പായ്വഞ്ചിയുടെ കൊടിമരം തകർന്ന് അപകടത്തിൽ പെട്ടത്.130 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിലും 10 മീറ്റർ ഉയരത്തിൽ പൊങ്ങിയ തിരമാലയിലും പെട്ടാണ് പായ്വഞ്ചിക്ക് കേട്പാട് സംഭവിച്ചത്. ഒപ്പം അഭിലാഷ് ടോമിക്ക് പരിക്കേൽക്കുകയും ചെയ്തു.താൻ അപകടത്തിൽപെട്ടതായി അഭിലാഷ് ടോമി സന്ദേശമയച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.11 രാജ്യാന്തര താരങ്ങൾ മൽസരിക്കുന്ന ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ നിലവിൽ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ് ടോമി കഴിഞ്ഞ 84 ദിവസങ്ങളിലായി അദ്ദേഹം 10,500 നോട്ടിക്കൽ മൈൽ ദൂരം താണ്ടിക്കഴിഞ്ഞിരുന്നു.