അഭിലാഷ് ടോമിയെ ഇന്നു രക്ഷിക്കും; ഉലയുന്ന പായ്‌വഞ്ചിയില്‍ അനങ്ങാനാവാത്ത അവസ്ഥയില്‍

കൊച്ചി- രാജ്യാന്തര സാഹസിക പായ്‌വഞ്ചിയോട്ട മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ന് രക്ഷിക്കും. നടുക്കടലില്‍ ഉലയുന്ന തകര്‍ന്ന പായ്‌വഞ്ചിയില്‍ ശരീരം അനക്കനാവാതെ പരിക്കേറ്റ് കിടക്കുന്ന അഭിലാഷിനടുത്തേക്ക് ഇന്ന് ഉച്ചയോടെ ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ ഒസിരിസ് എത്തുമെന്ന് നാവിക സേന അറിയിച്ചു. ഓസ്‌ട്രേലിയയും ഫ്രാന്‍സും ഇന്ത്യയും സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ത്യന്‍ നാവികസേനയുടെ പി-8ഐ വിമാനമാണ് കഴിഞ്ഞ ദിവസം കടല്‍ ക്ഷോഭത്തില്‍പ്പെട്ട് തകര്‍ന്ന അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്. വിമാനത്തില്‍ നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചു.

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് തീരത്തു നിന്നും 3700 കിലോമീറ്റര്‍ അകലെ കടലില്‍ ഉലയുകാണിപ്പോള്‍ അഭിലാഷിന്റെ തുരിയ എന്ന വഞ്ചി. വന്‍തിരമാലകളിലും കാറ്റിലും പെട്ട് വഞ്ചിയുടെ പായ്മരങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ മേഖലയിലെ മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. അഭിലാഷിന്റെ വഞ്ചിക്ക് ഏറ്റവും അടുത്തുള്ള കപ്പലാണ് ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ ഒസിരിസ്. ഇവര്‍ ഇപ്പോള്‍ അഭിലാഷിനടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നടുവിന് സാരമായി പരിക്കേറ്റ് അനങ്ങാനാവാത്ത അവസ്ഥയില്‍ വഞ്ചിയില്‍ കിടപ്പിലാണ് അഭിലാഷ്. വഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ഐസ് ടീ കുടിച്ചതു ഛര്‍ദിച്ചു. ഇതു നില്‍ക്കുന്നില്ല. കാല്‍വിരലുകള്‍ മാത്രമെ അനക്കാന്‍ കഴിയുന്നുള്ളൂവെന്നും ശരീരമാസകലം നീര്‍ക്കെട്ടാണെന്നും അഭിലാഷിന്റെ ഏറ്റവും ഒടുവില്‍ ലഭിച്ച സന്ദേശത്തില്‍ പറയുന്നു.
 

Latest News