കൊളംബോ - പട്ടാളത്തിന്റെയും കരിനിയമങ്ങളുടെയും സഹായത്തോടെ വീണ്ടും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്റെ നീക്കങ്ങൾക്ക് തിരിച്ചടിയെന്ന് റിപ്പോർട്ട്. വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ പ്രകാരം സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സാലിഹ് മുന്നിലാണെന്നാണ് റിപ്പോർട്ട്. രണ്ട് സ്വകാര്യ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടു പ്രകാരം സാലിഹിന് 58.1 ശതമാനം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൂചനകളെന്ന മിഹാരു, ആവാസ് എന്നീ ന്യൂസ് വെബ്‌സൈറ്റുകൾ അറിയിച്ചു.
എതിരാളികളെ മുഴുവൻ ജയിലിടക്കകുയോ, രാജ്യത്തുനിന്ന് പുറത്താക്കുകയോ ചെയ്തുകൊണ്ടും മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടും നടത്തിയ തെരഞ്ഞെടുപ്പിൽ യെമീൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾ യെമീനോടുള്ള തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുകയായിരുന്നുവെന്നാണ് സൂചന.
തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗായിരുന്നുവെന്നാണ് വിവരം. അഞ്ച് മണിക്കൂർ വരെ ബൂത്തുകളിൽ വരിനിന്ന ശേഷമാണ് തങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം കിട്ടിയതെന്ന് വോട്ടമർമാർ പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമല്ലെങ്കിൽ മാലദ്വീപിനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂനിയൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ശ്രീലങ്കയിൽ അഭയാർഥികളായി കഴിയുന്ന മാലദ്വീപുകാർക്ക് വോട്ട് ചെയ്യാൻ കൊളംബോയിലെ ഹൈക്കമ്മീഷനിൽ സൗകര്യമൊരുക്കിയിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നശീദ്, മുൻ വിദേശകാര്യ മന്ത്രിയും മുൻ പ്രസിഡന്റ് മഅ്മൂൻ അബ്ദുൽ ഗയൂമിന്റെ മകളുമായ ദുനിയ മഅ്മൂൻ തുടങ്ങിയവർ ഇവിടെയാണ് വോട്ട് ചെയ്തത്.