ന്യൂദല്‍ഹി- റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിനേയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയുള്ള പുതിയ വിവാദങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടാന്‍ പുതിയ കണ്ടുപിടുത്തവുമായി രംഗത്തു വന്നിരിക്കുകയാണ്. റിലയന്‍സിലെ ഉള്‍പ്പെടുത്താന്‍ ഇന്ത്യയാണ് നിര്‍ദേശിച്ചതെന്ന മുന്‍ ഫ്രഞ്ച്് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രഹസ്യ നീക്കമുണ്ടെന്ന സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രംഗത്തെത്തിയത്. 'രാഹുല്‍ പ്രതികാര മട്ടിലാണ്. ഇതെല്ലാം ആസൂത്രിതമാണെങ്കില്‍ അതിലും ആശ്ചര്യപ്പെടാനില്ല,' ജെയ്റ്റ്‌ലി പറയുന്നു. വെളിപ്പെടുത്തലിനു പിന്നില്‍ രാഹുലും ഒലോന്ദും കൈകോര്‍ത്തുവെന്ന സംശയത്തിന് അടിസ്ഥാനമായി ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്നത് രാഹുലിന്റെ കഴിഞ്ഞ മാസത്തെ ഒരു ട്വീറ്റാണ്.
'വരും ആഴ്ചകളില്‍ ഇത് (റഫാല്‍) സംഹാരാത്മകമായ ബോംബ് പൊട്ടിക്കാന്‍ പോകുകയാണ്' എന്ന് ഓഗസ്റ്റ് 30-ന് കൈലാസ യാത്ര പുറപ്പെടുന്നതിനു മുമ്പായി രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. റിലയന്‍സ് ഈ യുദ്ധവിമാന ഇടപാടില്‍ ഉള്‍പ്പെട്ടതിനു പിന്നിലെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ചുള്ള ഒലോന്ദിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ആയുധമായി എടുത്തിരിക്കുകയാണ് രാഹുല്‍. ഈ താളം ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്‌ലിയുടെ സംശയപ്രകടനം. എന്തുകൊണ്ട് രാഹുല്‍ ഇങ്ങനെ ട്വീറ്റ് ചെയ്തുവെന്ന് ജെയ്റ്റ്‌ലി ചോദിക്കുന്നു. അദ്ദേഹത്തിന്റെ പ്രവചനം പോലെ തന്നെ ഇപ്പോള്‍ കൃത്യമായി സംഭവിച്ചിരിക്കുന്നു. അറിഞ്ഞു കൊണ്ടു തന്നെയായിരുന്നോ ഇത്? മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ആദ്യ പ്രസ്താവന ഇതുമായി യോജിക്കുന്നുണ്ട്- ജെയ്റ്റ്‌ലി പറയുന്നു.
എങ്കിലും ഈ വിവാദം കൊണ്ടൊന്നും റഫാല്‍ കരാര്‍ റദ്ദാക്കാന്‍ പോകുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അത്യാധുനിക സൈനികായുധങ്ങള്‍ വാങ്ങാനുള്ള സങ്കീര്‍ണമായ ഒരു കരാറിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതില്‍ നിരാശയുണ്ട്. റഫാല്‍ ഇടപാടിനെ കുറിച്ചുള്ള ചര്‍ച്ച ഒന്നു കൂടി ഗൗരവത്തിലുള്ളതാകാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പൊതുചര്‍ച്ച ഒരു ചിരിമത്സരമല്ലെന്നും രാഹുലിനെ ഉദ്ദേശിച്ച് ജെയ്റ്റ്‌ലി പറഞ്ഞു. 'ആളുകളെ കെട്ടിപ്പിടിച്ച ശേഷം കണ്ണടിച്ച് കാണിച്ച് പിന്നീട് അവരെ പറ്റി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ജനാധിപത്യത്തില്‍ ഇതൊക്കെ സംഭവിക്കും. പക്ഷേ ഭാഷയില്‍ ഒരു മര്യാദ വേണം,' ജെയ്റ്റ്‌ലി പറഞ്ഞു.