സൗദിയിലെ പല ചരിത്ര സ്മാരകങ്ങളും പുരാവസ്തുക്കളും അതിശയവും അമ്പരപ്പും ഉളവാക്കുന്നവയാണ്. ഇവയുടെ രഹസ്യങ്ങളുടെ ചുരുളുകളഴിക്കുന്നതിന് വിദഗ്ധർക്ക് സാധിക്കുന്നില്ല. ഇക്കൂട്ടത്തിൽ പെട്ട ചരിത്ര പുരാവസ്തുക്കളാണ് അൽജൗഫ് പ്രവിശ്യയിലെ അൽറജാജീൽ സ്തംഭങ്ങൾ. സൗദിയിലെ ഏറ്റവും പുരാതനായ പുരാവസ്തു കേന്ദ്രമാണിത്. ഇവിടെ മൂന്നു മീറ്ററിലേറെ ഉയരവും അറുപതു സെന്റീമീറ്ററിലേറെ വ്യാസവുമുള്ള ശിലാസ്തംഭങ്ങളുടെ അമ്പതു കൂട്ടങ്ങളുണ്ട്. ആറായിരം വർഷം മുമ്പ് നിർമിച്ച ആരാധനാലയത്തിന്റെ ഭാഗമായിരുന്നു അൽറജാജീൽ ശിലാസ്തംഭങ്ങളെന്ന് ചില ഗവേഷകർ പറയുന്നു. ഈജിപ്തിൽ പിരമിഡുകൾ നിർമിച്ച അതേ യുഗത്തോളം ഇവക്കു പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
സ്തംഭങ്ങൾ നിർമിക്കുന്നതിന് ഉപയോഗിച്ച ശിലകളുടെ രൂപം പ്രത്യേകമായ മതാചാരങ്ങളാണ് സൂചിപ്പിക്കുന്നതെന്ന് 'ദോമത്തുൽ ജന്ദൽ കൈയെഴുത്ത് രേഖ' എന്ന പേരിൽ അറിയപ്പെടുന്ന, മ്യൂസിയത്തിൽ സൂക്ഷിച്ച കൈയെഴുത്ത് പ്രതി വ്യക്തമാക്കുന്നു. ബി.സി നാലായിരാമാണ്ടിനോടടുത്ത കാലത്ത് അറേബ്യൻ ഉപദ്വീപിലേക്കും സീനായിലേക്കും കിഴക്കൻ ജോർദാനിലേക്കും ദക്ഷിണ സിറിയയിലേക്കും പശ്ചിമ ഇറാഖിലേക്കും ശിലായുഗ നാഗരികത വ്യാപിച്ചതായും ഈ രേഖ വ്യക്തമാക്കുന്നു. മൺപാത്രങ്ങളുടെ ഉപയോഗം, കൃഷി, മത്സ്യബന്ധനം, കാലിവളർത്തൽ, ചെമ്പ് കണ്ടെത്തൽ എന്നിവ ഈ നാഗരികയുടെ സവിശേഷതകളാണ്.
ഗ്രാമഭാഷയിൽ ഒരു കൂട്ടം പുരുഷന്മാരെ വിശേഷിപ്പിക്കുന്ന അൽറജാജീൽ എന്ന വാക്കിൽ നിന്നാകും ഈ കേന്ദ്രത്തിന് ഈ പേര് സിദ്ധിച്ചതെന്നാണ് കരുതുന്നത്. ദൂരെ നിന്ന് കാണുന്നവർക്ക് ഒരുകൂട്ടം പുരുഷന്മാർ നിൽക്കുന്നതു പോലെ തോന്നിപ്പിക്കുന്നതിനാണ് ഈ രൂപത്തിലുള്ള ശിലാസ്തംഭങ്ങൾ നിർമിച്ചതെന്നാണ് കരുതുന്നത്. അടുത്തെത്തുമ്പോൾ മാത്രമാണ് ഇവ മനുഷ്യരല്ലെന്നും ശിലാസ്തംഭങ്ങൾ മാത്രമാണെന്നും വ്യക്തമാവുക.
സൗദിയിലെ അൽറജാജീൽ സ്തംഭങ്ങൾക്കു സദൃശ്യമായ ശിലാസ്തംഭങ്ങൾ ബ്രിട്ടനിലുമുണ്ട്. സ്റ്റോൺഹെംഗ് സ്തംഭങ്ങൾ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. സ്റ്റോൺഹെംഗിലെ സ്തംഭങ്ങൾക്ക് മൂന്നു മുതൽ ഇരുപത്തിരണ്ടു ടൺ വരെ ഭാരമുണ്ട്. മനുഷ്യൻ ഉപകരണങ്ങൾ കണ്ടെത്തുന്നതിനു മുമ്പാണ് ഈ സ്തംഭങ്ങളുടെ നിർമാണം ആരംഭിച്ചതെന്നാണ് കരുതുന്നത്. അയ്യായിരം വർഷം മുമ്പ് മനുഷ്യർ കല്ലുകൾ നീക്കം ചെയ്യുകയോ വലിച്ചുകൊണ്ടുപോവുകയോ ചെയ്തിരുന്നതിനുള്ള തെളിവുകളായി സ്റ്റോൺഹെംഗ് സ്തംഭങ്ങളെ കുറിച്ച് പ്രചാരത്തിലുള്ള സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നു.
നീല കല്ലുകളും പ്രാദേശിക ശിലകളും ഉപയോഗിച്ചാണ് സ്റ്റോൺഹെംഗ് പുരാവസ്തു നിർമിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഹിമനദി വഴിയാണ് സ്റ്റോൺഹെംഗ് സ്തംഭങ്ങൾ നിർമിക്കുന്നതിനുള്ള നീല കല്ലുകൾ ഈ സ്ഥലത്ത് എത്തിച്ചതെന്നാണ് കരുതുന്നതെന്ന് ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞൻ ജോൺ പറയുന്നു. പുരാതന നിർമാതാക്കൾ ശിലകൾക്ക് ആത്മീയ പ്രാധാന്യമുണ്ടായിരുന്നെന്ന് വിശ്വസിച്ചിരുന്നെന്നും ഇതാണ് ഇവ നീക്കം ചെയ്യുന്നതിന് എത്രവലിയ കഠിന ശ്രമങ്ങളും നടത്തുന്നതിന് അവരെ പ്രചോദിപ്പിച്ചതെന്നുമുള്ള നിഗമനത്തിലാണ് ജോണിന്റെ സിദ്ധാന്തം എത്തിച്ചേരുന്നത്. വെൽസിൽ നിന്ന് മനുഷ്യരാണ് ഈ ശിലകൾ പുറത്തെടുത്തത് എന്നതിന് യുക്തിയെ ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നുമില്ല എന്ന് ഇദ്ദേഹത്തിന്റെ പുതിയ കൃതി സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് വെൽസിൽ നിന്ന് ഹിമനദികൾ വഴിയാകും കല്ലുകൾ നീക്കം ചെയ്തത് എന്നതിനാണ് കൂടുതൽ സാധ്യത. കാലാവസ്ഥ മെച്ചപ്പെടുകയും മഞ്ഞ് അലിയുകയും ചെയ്തതോടെ സാലിസ്ബറി സമതലത്തിൽ കല്ലുകൾ ഉറച്ചു. അതുകൊണ്ടു തന്നെ പുരാതന ബ്രിട്ടീഷുകാർക്കിടയിൽ ഈ കല്ലുകൾക്ക് അഗാധമായ ആത്മീയാർഥങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷ് പുരാവസ്തു വിദഗ്ധൻ തന്റെ പുതിയ കൃതിയിൽ സൂചിപ്പിക്കുന്നു.