ഗുഡ്ഗാവ്- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ സൈനികനെയും പോലീസ് പിടികൂടി. ബലാത്സംഗം നടത്തിയതിന് മഹേന്ദ്രഗർ ജില്ലയിലെ സറ്റ്‌നാലിയിൽനിന്ന് ഒരാളെയും പോലീസ് പിടികൂടി. സൈനികൻ പങ്കജ്, മനീഷ് എന്നിവരെയാണ് പിടികൂടിയതെന്ന് ഹരിയാന പോലീസ് മേധാവി ബി.എസ് സന്ധു പറഞ്ഞു. സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതുന്ന ഡോക്ടർ നിഷുവിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഹരിയാനയിൽ സംഭവം വൻ വിവാദത്തിന് കാരണമായിരുന്നു. സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മത്സരപരീക്ഷാ സ്ഥലത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ സംഘം വണ്ടിയിൽ പിടിച്ചുകയറ്റി ഒഴിഞ്ഞ വയലിനോട് ചേർന്ന പമ്പ് ഹൗസിനകത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.