ഗുവാഹട്ടി- ഒരു പ്രമുഖ ടിവി ചാനലില്‍ നിന്നെന്ന വ്യാജേന ബി.ജെ.പിയുടെ ദല്‍ഹി ആസ്ഥാനത്തെ ഫോണില്‍ നിന്നും അസമിലെ കോണ്‍ഗ്രസ് നേതാവിന് വന്ന വിളിക്കു പിന്നില്‍ കള്ളവാര്‍ത്ത ഉണ്ടാക്കാനുള്ള ബി.ജെ.പി നീക്കമാണെന്ന് ആരോപണം. അസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന പാര്‍ട്ടി വക്താവുമായ ബോബീത ശര്‍മയ്ക്കാണ് ബി.ജെ.പി ദല്‍ഹി ഓഫീസിലെ ഫോണ്‍ നമ്പറില്‍ നിന്നും വിളി വന്നത്. ഒരു പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ ചാനലില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ റോബിനാണെന്നു പരിജയപ്പെടുത്തിയായിരുന്നു വിളി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൊബീത ശര്‍മ മത്സരിച്ച ഈസ്റ്റ് ഗുവാഹട്ടി, സമീപ മണ്ഡലങ്ങളായ ദിസ്പൂര്‍, വെസറ്റ് ഗുവാഹട്ടി, ജലുകബാരി, പലസ്ബാരി, ഹജോ മണ്ഡലങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ചോദിച്ചായിരുന്നു വിളി.
ഇതു ആള്‍മാറാട്ട വിളിയാണെന്ന് അസമിലെ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പോലീസില്‍ പരാതി നല്‍കുമെന്നും ബോബീത ശര്‍മ പറഞ്ഞു. വിളിവന്ന ബി.ജെ.പി ഓഫീസിലെ ഫോണ്‍ നമ്പറും കോണ്‍ഗ്രസ് പുറത്തുവിട്ടു. ദല്‍ഹി അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്തെ എം.ടി.എന്‍.എല്‍ ഫോണ്‍ കണക്ഷനാണിത്. ഈ വിളിക്കു പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്നും ശക്തമായി അപലപിക്കുന്നതായും അസം കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പു കാലത്ത് വ്യാജ വാര്‍ത്ത കെട്ടിച്ചമക്കാനാകാം ഇതെന്നും ഇതു ബി.ജെ.പി ചെയ്യുന്നതാണെന്നും ശര്‍മ ആരോപിച്ചു. സമാന ഫോണ്‍ വിളികള്‍ മറ്റു കോണ്‍ഗ്രസ് നേതാക്കളായ ദേബബ്രത സൈകിയ, ദുലു അഹമദ്, ബിസ്മിത ഗൊഗോയ് എന്നിവര്‍ക്കും വന്നിട്ടുണ്ട്.
അതേസമയം ബി.ജെ.പി ഓഫീസില്‍ വരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഓഫീസിലെ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും അവരാരെങ്കിലും വിളിച്ചതാകാമെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം.