ലഖ്‌നൗ- കുഞ്ഞുങ്ങളെ ചികിത്സിച്ചതിന് ശിശുരോഗ വിദഗ്ദൻ കഫീൽ ഖാനെ യു.പി സർക്കാർ അറസ്റ്റ് ചെയ്തു. നേരത്തെ 70 കുഞ്ഞുങ്ങൾ പനി ബാധിച്ച് മരിച്ച ബഹ്‌റായിച്ച് ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിനാണ് അറസ്റ്റ്. നേരത്തെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 64 കുഞ്ഞുങ്ങൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ച ആശുപത്രിയിൽ നിരവധി കുരുന്നുകളെ സ്വന്തം പണം നൽകി ഓക്‌സിജൻ വാങ്ങി രക്ഷിച്ച കഫീൽ ഖാനെ യോഗി ആദിത്യനാഥ് സർക്കാർ പിടികൂടി ജയിലിൽ അടച്ചിരുന്നു.
ഈയിടെയാണ് ഒന്നരമാസത്തിനുള്ളിൽ പനി ബാധിച്ച് എഴുപതോളം കുഞ്ഞുങ്ങൾ മരിച്ചതിനെ തുടർന്ന് ബഹ്‌റായിച്ച് ആശുപത്രി വാർത്തകളിൽ ഇടംതേടിത്. ദുരൂഹപനി ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്ന ആരോപണം ആശുപത്രി സന്ദർശിച്ച കഫീൽ ഖാനും സംഘവും കണ്ടെത്തിയിരുന്നു. അവർ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.
മസ്തിഷ്‌കവീക്കത്തിന് സമാനമായ ലക്ഷണങ്ങളാണ് കുട്ടികളിൽ കണ്ടതെന്നാണ് ഡോക്ടർ കഫീൽ ഖാന്റെ വിശദീകരണം. കഫീൽ ഖാൻ സ്ഥലത്തെത്തി കുട്ടികളെ പരിശോധിച്ചുവെന്ന വിവരം അറിഞ്ഞയുടൻ യു.പി പോലീസ് കുതിച്ചെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കഫീൽ ഖാനെയും സംഘത്തെയും സിംബൗളി ഷുഗർ മിൽ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു.
കഫീൽ ഖാനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ആദിൽ അഹമ്മദ് ഖാൻ പറഞ്ഞു. ബഹ്‌റായിച്ച് ആശുപത്രി അധികൃതരുടെ വാദം തള്ളിക്കളഞ്ഞതിനാണ് സഹോദരനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കഫീൽ ഖാനെ കാണാൻ ഇതേവരെ കുടുംബത്തെ പോലും അനുവദിച്ചിട്ടില്ല.