ചെന്നൈ- പ്രകോപനപരമായി പ്രസംഗിക്കുകുയം മുഖ്യമന്ത്രി ഇ. പളനിസ്വാമിയെ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത അണ്ണാ ഡി.എം.കെ എം.എല്‍.എ നടന്‍ കരുണാസ് അറസ്റ്റില്‍. ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വന്‍ പോലീസ് സന്നാഹം വീട്ടിനു പുറത്ത് കാവലുണ്ടായിരുന്നു. വള്ളുവര്‍കോട്ടത്തില്‍ വച്ച് സെപ്ംതബര്‍ 16-ന് കരുണാസ് നടത്തിയ പ്രകോപനപരമായ തീപ്പൊരി പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് കരുണാസ് ഒളിവില്‍ പോയതായും റിപോര്‍ട്ടുണ്ടായിരുന്നു.
സമുദായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് കരുണാസിനെതിരെ കേസ്. അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ അണ്ണാ ഡി.എം.കെ നേതാവ് ശശികലയുടെ ഉറച്ച അനുയായി ആയ കരുണാസ് പാര്‍ട്ടി നേതാക്കളായ മുഖ്യമന്ത്രി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനുമെതിരെ രൂക്ഷമായ ഭാഷയാണ് പ്രസംഗത്തില്‍ ഉപയോഗിച്ചത്. ഏതാനും മാധ്യമ സ്ഥാപനങ്ങളേയും ഒരു പോലീസ് ഓഫീസറേയും പ്രസംഗത്തില്‍ കരുണാസ് തെറിവിളിച്ചിരുന്നു. കരുണാസിന്റെ പ്രസംഗത്തെ തുടര്‍ന്ന് ഹിന്ദു മക്കള്‍ മുന്നണിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാദമായതോടെ താന്‍ ഒരു സമുദായത്തിനെതിരായും പ്രസംഗിച്ചിട്ടില്ലെന്ന പ്രതികരണവുമായി കരുണാസ് രംഗത്തെത്തി.
കരുണാസിന്റെ നേതൃത്വത്തിലുള്ള മുക്കുളത്തൂര്‍ പുലി പട എന്ന സംഘടനയുടെ ഒരു പ്രതിഷേധ പരിപാടിയിലായിരുന്നു വിവാദം പ്രസംഗം നടത്തിയത്. 2016 തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ ടിക്കറ്റില്‍ രാമനാഥപുരം ജില്ലയിലെ തിരുവടനൈ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് കരുണാസ് നിയമസഭയിലെത്തിയത്.