ന്യൂദൽഹി- ഇന്ത്യയുടെ പ്രധാനമന്ത്രിയെയാണ് ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് കള്ളനെന്ന് വിളിച്ചതെന്നും ഇത് ചരിത്രത്തിൽ ആദ്യമാണെന്നും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ അഭിമാനത്തിനാണ് ക്ഷതമേറ്റത്. ഇത് നമ്മുടെ ജവാൻമാരെയും ദേശസുരക്ഷയെയയും വ്യോമസനേയെയും പ്രതികൂലമായ ബാധിക്കുന്നതെന്നും പത്രസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു. റഫാൽ ഡീലിനെ പറ്റി ഇതേവരെ ഒരു വാക്ക് പോലും ഉച്ചരിക്കാൻ മോഡി തയ്യാറായിട്ടില്ല. മുപ്പതിനായിരം കോടി അനിൽ അംബാനിക്ക് ലഭ്യമാക്കാൻ വേണ്ടിയാണ് മോഡി രാജ്യത്തെ വിറ്റത്. മുൻ പ്രതിരോധമന്ത്രിയും ഇപ്പോഴത്തെ പ്രതിരോധമന്ത്രിയെയും എല്ലാം മറികടന്നാണ് നരേന്ദ്രമോഡി റഫാൽ ഉടമ്പടിയിൽ മോഡി ഒപ്പിട്ടത്. എന്നാൽ കരാറിനെ പറ്റി ഒന്നും പറയാൻ മോഡി തയ്യാറാകുന്നില്ല. പാർലമെന്റിന് അകത്തും പുറത്തും മോഡി ഇക്കാര്യത്തിൽ നിശബ്ദനാണ്. ചോദ്യം ഉന്നയിക്കുമ്പോഴെല്ലാം മോഡി അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയാണ്. നൂറുശതമാനം കള്ളക്കളി നടന്ന ഉടമ്പടിയാണ് റഫേൽ. ഇത് പകൽ പോലെ വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.