കാഠ്മണ്ഡു- രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും തടയാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. ബലാത്സംഗങ്ങള്‍ക്ക് കാരണം അശ്ലീല വെബ്സൈറ്റുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.
ബലാത്സംഗങ്ങളുടെ എണ്ണംകൂടാന്‍ കാരണം അശ്ലീല വെബ്സൈറ്റുകളാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം കരുതുന്നു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി അശ്ലീലച്ചിത്രങ്ങളും മറ്റും ലഭിക്കുന്നത് പൂര്‍ണമായും തടയുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ബലാത്സംഗങ്ങള്‍ വര്‍ധിച്ചതും ഇത്തരം കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തതും നേപ്പാള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. തെക്കന്‍ നേപ്പാളില്‍ ബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടാനായിരുന്നില്ല. ഇതിനുപുറമെ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ ഒട്ടേറെ ബലാത്സംഗക്കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.