അമരാവതി-പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജനപ്രതിനിധികളുടെ നാവരിയുമെന്ന പോലീസ് ഇന്‍സ്പെക്ടറുടെ പരസ്യ ഭീഷണി ആന്ധ്രപ്രദേശില്‍ വിവാദമായി.
ആനന്ദപുരം ജില്ലയിലെ കാദിരി പോലീസ് ഇന്‍സ്പെക്ടര്‍ മാധവാണ് വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണി ഉയര്‍ത്തിയത്. ടി.ഡി.പി എം.പി ജെ.സി ദിവാകര്‍ റെഡ്ഡിക്കുള്ള മറുപടിയായാണ് മാധവിന്റെ വെല്ലുവിളി.
ഞങ്ങള്‍ ഏറെ നാള്‍ സംയമനം പാലിച്ചു. മേലില്‍ ആരെങ്കിലും പോലീസിനെതിരെ അതിരുകടന്ന് സംസാരിച്ചാല്‍ സഹിക്കില്ല. ഞങ്ങളവരുടെ നാവുകള്‍ അരിയും. സൂക്ഷിച്ചോളൂ- വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധവ് താക്കീത് നല്‍കി. രാഷ്ട്രീയ നേതാക്കന്‍മാരും എം.എല്‍.എമാരും എം.പിമാരും നടത്തുന്ന പ്രസ്താവനകള്‍ മൂലം ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ പോലും തലയുയര്‍ത്തി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പോലീസെന്നും മാധവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു
ഇതിനുള്ള മറുപടിയായി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി തന്റെ നാവ് അരിയാന്‍ മാധവിനെ വെല്ലുവിളിച്ചിരിക്കയാണ്. ഇന്‍സ്‌പെക്ടര്‍ക്കെതിരെ എം.പി പരാതി നല്‍കിയിട്ടുമുണ്ട്.
നേരത്തെ ജില്ലയിലെ തടിപത്രിക്ക് സമീപമുള്ള ഗ്രാമത്തില്‍ നടന്ന ലഹളയുടെ പശ്ചാത്തലത്തില്‍ എം.പി ദിവാകര്‍ റെഡ്ഡി പോലീസിനെതിരെ വലിയ വിമര്‍ശനമുന്നയിച്ചിരുന്നു. ലഹള നിയന്ത്രിക്കാന്‍ ശ്രമിക്കാതെ പോലീസ് ആണത്തമില്ലാത്തവരെ പോലെ തടിതപ്പിയെന്നായിരുന്നു എം.പിയുടെ ആരോപണം. എം.പിയുടെ പരാമര്‍ത്തില്‍ പോലീസിനുള്ളില്‍നിന്ന് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
മാധവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിയമോപദേശം തേടുന്നതിനായി പരാതി എസ്.പിക്ക് സമര്‍പ്പിച്ചിരിക്കുകയാണന്നും പോലീസ് വ്യക്തമാക്കി.