Sorry, you need to enable JavaScript to visit this website.

കരിപ്പൂർ-സൗദി സർവീസ് വീണ്ടും പ്രതിസന്ധിയിൽ, സൗദിയയുടെ കത്ത് വിദേശമന്ത്രാലയത്തിൽ

കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള സൗദിയ എയർലെൻസിന്റെ നീക്കം വീണ്ടും പ്രതിസന്ധിയിൽ. സർവീസ് ആരംഭിക്കുന്നതിനുള്ള താൽക്കാലിക അനുമതിക്കായി സൗദി അംബാസിഡർ നൽകിയ കത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിൽ തീരുമാനമായെങ്കിൽ മാത്രമേ കരിപ്പൂരിൽനിന്ന് പുതിയ സർവീസ് തുടങ്ങാനാകൂ. കരിപ്പൂരിൽനിന്ന് സൗദി എയർലെൻസിന് സർവീസിന് അനുമതി ലഭിച്ചുവെങ്കിലും തിരുവനന്തപുരം സർവീസ് റദ്ദാക്കാതെ കരിപ്പൂർ സർവീസുകൾ ആരംഭിക്കാനാവാത്തതാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. പുതിയ സ്റ്റേഷനും താൽക്കാലിക സീറ്റുകളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സൗദി അമ്പാസിഡർ കത്ത് നൽകിയത്. കഴിഞ്ഞ ജൂലൈ 22ന്  കേന്ദ്രമന്ത്രി സുഷമ സ്വരാജിന് നൽകിയ കത്ത് നൽകിയിരുന്നു. തിരുവനന്തപുരത്തേക്ക് മൂന്ന് മാസത്തേക്ക് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ സർവീസുകൾ പിൻവലിക്കാകുന്നില്ല. അതിനാലാണ് ഇന്ത്യയിൽ നിന്ന് ഒമ്പതാമത്തെ സ്റ്റേഷൻ അനുവദിച്ച് സീറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് സൗദി അമ്പാസിഡർ വിദേശ കാര്യമന്ത്രാലയത്തിന് കത്ത് നൽകിയത്.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള കരാർ പ്രകാരം ആഴ്ചയിൽ ഇരുപതിനായിരം സീറ്റുകളാണ് ഇരു രാജ്യങ്ങളിലേക്കും നടത്തുന്നത്. ഇതിൽ സൗദി എയർലെൻസ് അവരുടെ ഇരുപതിനായിരം സീറ്റിൽ 19670 സീറ്റുകളും കൊച്ചി,തിരുവനന്തപുരം ഉൾപ്പടെ എട്ടു വിമാനത്താവളങ്ങളിൽ നിന്ന് ഉപയോഗിക്കുന്നുണ്ട്.ശേഷിക്കുന്ന 330 സീറ്റുകൾ സൗദി അറേബ്യയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ളൈ നാസ് ഹൈദരാബാദ്-ജിദ്ദ റൂട്ടിൽ ആഴ്ചയിൽ രണ്ടു വിമാനം വീതം സർവീസ് നടത്തുന്നു. കരിപ്പൂരിൽനിന്ന് നേരത്തെയുണ്ടായിരുന്ന സർവ്വീസ് 2015 മെയ് മുതൽ നിർത്തിയതിനാൽ ഈ സ്റ്റേഷൻ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യൻ വിമാന കമ്പനികളായ എയർഇന്ത്യ,എയർഇന്ത്യ എക്‌സ്പ്രസ്,മറ്റു സ്വകാര്യ വിമാനകമ്പനികൾ എന്നിവ ഇന്ത്യയിൽനിന്ന് സൗദിയിലേക്കും തിരിച്ച് സർവ്വീസ് നടത്തുന്നത് 15,000 സീറ്റുകളിൽ താഴെ മാത്രമാണ്. ഉഭയകക്ഷി കരാർ പ്രകാരം ഒരു രാജ്യം അവരുടെ 80 ശതമാനം സീറ്റുകൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ പുതിയ സീറ്റുകൾ മറ്റൊരു രാജ്യത്തെ വിമാന കമ്പനികൾക്ക് അധികം നൽകില്ല. എന്നാൽ കരിപ്പൂരിൽനിന്ന് എയർഇന്ത്യയടക്കം സർവ്വീസ് തുടങ്ങുന്നതോടെ സൗദിക്ക് എട്ടായിരം സീറ്റുകൾ അധികം ലഭിക്കും. ഈ സീറ്റുകൾ താൽക്കാലികമായി മുൻകൂട്ടി നൽകണമെന്നും നിലവിൽ ഒമ്പതാമത്തെ സ്റ്റേഷൻ അനുവദിച്ചു നൽകണമെന്നും ആവശ്യപ്പെട്ടാണ് അംബാസിഡർ കത്ത് നൽകിയിരിക്കുന്നത്. ഇന്ത്യയും സൗദിയും തമ്മിലുളള വ്യോമയാന ഉഭയകക്ഷി കരാർ ഡിസംബറിൽ നടക്കും.സൗദി അമ്പാസിഡറുടെ കത്തിന് വ്യോമയാന മന്ത്രാലയവും വിദേശ കാര്യ മന്ത്രലായവും പരിഗണന നൽകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഈ മാസം അവസാനത്തോടെ കരിപ്പൂർ-സൗദി സർവീസ് തുടങ്ങുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അത് നടപ്പാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
 

Latest News