ലണ്ടന്‍- വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന കടുകട്ടിയാണെന്ന് പൊതുവെയുള്ള ധാരണ. രേഖകളില്ലാതെ രാജ്യം വിടുക പ്രയാസവുമാണ്. എന്നാല്‍ ഈ സുരക്ഷയിലും പാളിച്ചകള്‍ സംഭവിക്കുമെന്നാണ് ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ 44കാരനായ മാത്യൂ സട്ടനുണ്ടായ അനുഭവം പറയുന്നത്. വാരാന്ത്യം പോളണ്ടിലെ പോസ്‌നനില്‍ ആഘോഷിക്കാന്‍ സഹോദരനും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമാണ് സട്ടന്‍ ബര്‍മിങ്ങാം എയര്‍പോര്‍ട്ടില്‍ നിന്നും വിസ് എയര്‍ വിമാനത്തില്‍ പോളണ്ടിലേക്ക് പറന്നത്. പോസ്‌നനില്‍ എത്തിയ ശേഷം അവിടെ അധികൃതര്‍ തടഞ്ഞപ്പോഴാണ് സട്ടന്‍ തന്റെ പാസ്‌പോര്‍ട്ടിലേക്കു നോക്കിയത്. ഇതുവരെ യാത്ര ചെയ്തത് തന്റെ നാലുവയസ്സുകാരന്‍ വളര്‍ത്തു മകന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണെന്ന് അപ്പോഴാണ് സട്ടന്‍ അറിയുന്നത്. ഇത് ബര്‍മിങാം എയര്‍പോര്‍ട്ടില്‍ അധികൃതരുടെ കണ്ണില്‍പ്പെട്ടില്ലെന്നത് തന്നെ അമ്പരിപ്പിച്ചുവെന്ന് സട്ടന്‍ പറയുന്നു.
ഇതു തീര്‍ത്തും എന്റെ തെറ്റായിരുന്നു. ഞാനെടുത്ത പോസ്‌പോര്‍ട്ട് എന്റെതല്ലായിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടില്ലെന്നത് എന്നെ ഞെട്ടിപ്പിച്ചു-സട്ടന്‍ പറഞ്ഞു. ബര്‍മിങാം എയര്‍പോര്‍ട്ടില്‍ പരിശോധനകളൊക്കെ മുറ പോലെ വേഗത്തില്‍ നടന്നിരുന്നു. പാസ്‌പോര്‍ട്ട്, സുരക്ഷാ പരിശോധനകളൊക്കെ വേഗത്തില്‍ കഴിഞ്ഞു. ആരും തന്റെ രേഖയില്‍ സംശയം ഉന്നയിച്ച് ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്‌നനില്‍ ഇറങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാണ് നാലു വയസ്സുകാരന്‍ മേസന്‍ റട്ടര്‍ എന്നു ചോദിച്ചപ്പോഴാണ് അമളി അറിയുന്നത്. ഒടുവിന്‍ തന്റെ ഡ്രൈവിങ് ലൈസന്‍സും സ്‌നാപ്ചാറ്റില്‍ മകള്‍ അയച്ചു തന്നെ തന്റെ പാസ്‌പോര്‍ട്ടിന്റെ ചിത്രവും കാണിച്ചാണ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയതെന്നും സട്ടന്‍ പറഞ്ഞു.
സെപ്തംബര്‍ 11നാണ് സംഭവം. ലോകമൊട്ടാകെ എയര്‍പോര്‍ട്ടുകളിലെ സുരക്ഷ കടുപ്പിക്കാന്‍ കാരണമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ 17ാം വാര്‍ഷിക ദിനത്തിലാണെന്നത് തന്റെ അമ്പരിപ്പിച്ചുവെന്നും സട്ടന്‍ പറയുന്നു. ആദ്യം ഇതു പറഞ്ഞ് കുറെ ചിരിച്ചു. എന്നാല്‍ ഹോട്ടലിലെത്തി ആലോചിച്ചപ്പോഴാണ് എത്രത്തോളം ഗുരുതരമായ സുരക്ഷ വീഴ്ചായണ് സംഭവിച്ചതെന്ന് ഓര്‍ത്തത്. ആര്‍ക്കും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിമാനത്തില്‍ കയറാമെന്നാണ് ഈ സംഭവം തെളിയിച്ചത്. സംഭവം പുറത്തായതോടെ ഇതാവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകുമെന്ന് വിസ് എയറും ബര്‍മിങാം എയര്‍പോര്‍ട്ടും വ്യക്തമാക്കി.