ശ്രീനഗർ- മകനെ കൊല്ലരുത്, അവൻ പോലീസിൽ നിന്ന് രാജിവെക്കും. വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരശേഷം അവൻ പോലീസ് ഉദ്യോഗം ഒഴിവാക്കും. ദയവു ചെയ്ത് അവനെ കൊല്ലരുത്. അവനെ വെറുതെ വിടൂ. എന്റെ ഏക മകനാണ്. എഴുപതുകാരിയായ ഉമ്മയുടെ കൈകൂപ്പിയുള്ള അപേക്ഷ പക്ഷെ ഭീകരരുടെ മനസലിയിച്ചില്ല. അവർ ആ ഉമ്മയുടെ മകനെയും വെടിവെച്ചുവീഴ്ത്തി. കശ്മീരിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട പോലീസുകാരിൽ ഒരാളായ നിസാർ അഹമ്മദിന്റെ ഉമ്മയ സൈദ ബീഗത്തിന്റെ കൈകൂപ്പിയുള്ള അപേക്ഷയായിരുന്നു ഭീകരർ നിഷ്‌കരുണം തള്ളിക്കളഞ്ഞത്. രാവിലെ വീട്ടിൽനിന്ന് നിസാർ അഹമ്മദിനെ ഭീകരർ തട്ടിക്കൊണ്ടുപോയ ഉടൻ സൈദ ബീഗത്തിന്റെ കണ്ണീരണിഞ്ഞുള്ള അപേക്ഷ പുറംലോകത്തെത്തിയിരുന്നു. വെള്ളിയാഴ്ച്ച തന്നെ നിസാർ അഹമ്മദ് ജോലി രാജിവെക്കുമെന്ന് തീരുമാനിച്ചിരുന്നു. ജോലിയേക്കാൾ വലുതായിരുന്നു നിസാർ അഹമ്മദിന്റെ ജീവിതം. ഏകമകനാണ് നിസാർ അഹമ്മദ്. ഭാര്യയും രണ്ടുമക്കളുമാണ് നിസാർ അഹമ്മദിനുള്ളത്.
എന്നാൽ തട്ടിക്കൊണ്ടുപോയി അരമണിക്കൂറിനകം തന്നെ നിസാർ അഹമ്മദിനെ കൊലപ്പെടുത്തി. ദേഹമാസകലം വെടിയേറ്റാണ് നിസാർ അഹമ്മദ് കൊല്ലപ്പെട്ടത്. മറ്റു രണ്ടു പോലീസുകാരും നിസാർ അഹമ്മദിനൊപ്പം കൊല്ലപ്പെട്ടിരുന്നു. പ്രായമായ അച്ഛനും അമ്മയും നിസാർ അഹമ്മദായിരുന്നു ഏക ആശ്രയം.
കശ്മീരിൽ സർവീസിൽനിന്ന് രാജിവെച്ചില്ലെങ്കിൽ പോലീസുകാരെ വധിക്കുമെന്നാണ് ഹിസ്ബുൽ മുജാഹിദീന്റെ ഭീഷണി. നിരവധി പോലീസുകാരെ ഇതോടകം ഭീകരർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞദിവസം ആറുപേരെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് മോചിപ്പിച്ചു. ഭീഷണിയെ തുടർന്ന് നിരവധി പോലീസുകാർ തങ്ങളുടെ ജോലി രാജിവെച്ചതായി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിക്കുന്നുണ്ട്.