അഹമ്മദാബാദ്- വെറുപ്പും ഭയവുമില്ലാത്ത, മനസ്സാക്ഷിയോട് വിട്ടുവീഴ്ച ചെയ്യാതെ ജീവിതം മുഴുക്കെ പൂർണ അർത്ഥത്തിൽ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്ന, സുരക്ഷിതവും ശാന്തവുമായ ഒരിടമായാണ് സഞ്ജീവ് ഭട്ട് ഇന്ത്യയെ കാണുന്നതെന്നും അതുകൊണ്ടാണ് അദ്ദേഹം പോരാടുന്നതെന്നും ഭാര്യ ശ്വേത ഭട്ട്. ഇരുപത്തിരണ്ടു വർഷം പഴക്കമുള്ള കേസിൽ ഗുജറാത്തിൽ അറസ്റ്റിലായ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ഫെയ്‌സ്ബുക്കിൽ കുറിച്ചതാണിത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞാൻ ശ്വേതാ സഞ്ജീവ് ഭട്ടാണ്,
ഈ യുദ്ധം എന്തിനുവേണ്ടി ഇനിയും പൊരുതിക്കൊണ്ടിരിക്കണം എന്നു മനസ്സിലാകാത്തവരോടാണ് പറയാനുള്ളത്. സഞ്ജീവിന്റെ പോരാട്ടം ഏതെങ്കിലും വ്യക്തിക്കോ പ്രത്യേക പാർട്ടിക്കോ എതിരായിട്ടല്ല. അതിനുമപ്പുറം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിനെതിരെയാണ്. വെറുപ്പും ഭയവും പരത്തുന്ന, വ്യക്തിപരമായ നേട്ടങ്ങൾക്കും രാഷ്ട്രീയ ലാഭങ്ങൾക്കും വേണ്ടി ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രം. സഞ്ജീവ് അദ്ദേഹത്തിന്റെ രാജ്യമായി ഇന്ത്യയെ കാണുന്നത് തന്റെ പൂർവികരുടെ പിൻഗാമിയായ മാത്രം പിറക്കേണ്ടി വന്ന ഒരു തുണ്ട് ഭൂമി ആയല്ല. ആശ്വാസത്തിന്റെ സ്രോതസ്സായ ഒരു ഇടമായാണ്. വെറുപ്പും ഭയവുമില്ലാത്ത, മനസ്സാക്ഷിയോട് വിട്ടുവീഴ്ച ചെയ്യാതെ ജീവിതം മുഴുക്കെ പൂർണ അർത്ഥത്തിൽ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്ന, സുരക്ഷിതവും ശാന്തവുമായ ഒരിടമായാണ് സഞ്ജീവ് ഇന്ത്യയെ കാണുന്നത്.
ഇങ്ങനെ ഒരു രാജ്യം സ്വപ്‌നം കാണാൻ ഒരാൾക്കു കഴിയില്ലെ? മറ്റുവരുടേതും കൂടിയായ ഇത്തരമൊരു സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി പൊരുതാൻ ഒരാളെ അനുവദിക്കരുത് എന്നാണോ? ഇങ്ങനെയൊരാൾ പീഡിപ്പിക്കപ്പെടേണ്ടതുണ്ടോ? ശിക്ഷ അർഹിക്കുന്നുണ്ടോ? തടവ് ന്യായമാണോ? ഇതിന്റെ ശരിയായ വിലയൊടുക്കാൻ നിരവധി പേർ ത്യാഗമനുഭവിക്കേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ ആണെങ്കിൽ എന്റെ ഭർത്താവിനും നല്ലൊരു ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പങ്കിടുന്നവർക്കും വേണ്ടി, ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ വേണ്ടി ഞാനും എന്തും നേരിടാൻ തയാറാണെന്ന് ഉറപ്പു തരുന്നു.
സഞ്ജീവ് എത്രയും വേഗം തിരിച്ചു വീട്ടിലെത്തുമെന്ന പ്രതീക്ഷയോടെ,
ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ..