ന്യുദല്‍ഹി- റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തുന്നതില്‍ ഫ്രാന്‍സിനു ഒരു പങ്കുമുണ്ടായിരുന്നില്ലെന്നും ഇന്ത്യയാണ് റിലയന്‍സിനെ നിര്‍ദേശിച്ചതെന്നും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഹൊളാന്ദെയുടെ വെളിപ്പെടുത്തല്‍. റിലയന്‍സ് അല്ലാതെ മറ്റൊരു കമ്പനിയേയും ഇന്ത്യ നിര്‍ദേശിച്ചില്ലെന്നും ഇത് അംഗീകരിക്കേണ്ടി വരികയായിരുന്നെന്നും ഫ്രഞ്ച് അന്വേഷണാത്മക വാര്‍ത്താ പോര്‍ട്ടലായ മീഡിയപാര്‍ട്ടിനു നല്‍കിയ അഭിമുഖത്തിലാണ് ഹൊളാന്ദെ പറഞ്ഞത്. ഇതോടെ റഫാല്‍ ഇടപാടില്‍ റിലയന്‍സിനുള്ള പങ്ക് സംബന്ധിച്ച് നരേന്ദ്ര മോഡി സര്‍ക്കാര്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഇന്ത്യ-ഫ്രാന്‍സ് കരാര്‍ ധാരണാപത്രം ഒപ്പുവയ്ക്കുമ്പോള്‍ ഹൊളാന്ദെയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.
റഫാല്‍ പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് ആയുധനിര്‍മ്മാണ കമ്പനിയായ ദാസോ ആണ് റിലയന്‍സിനെ തെരഞ്ഞെടുത്തതെന്നും ഈ വാണിജ്യ ഇടപാടില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നുമായിരുന്നു മോഡി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ദാസോയും തമ്മില്‍ നേരത്തെയുണ്ടായിരുന്ന കരാര്‍ അവസാനിപ്പിച്ചാണ് മോഡി സര്‍ക്കാര്‍ റിലയന്‍സിന് അവസരമൊരുക്കിയതെന്ന് പ്രതിപക്ഷം നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
'ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും പറയാനുണ്ടായിരുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരാണ് ഈ ഗ്രൂപ്പിനെ (റിലയന്‍സ്) നിര്‍ദേശിച്ചത്. പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ ദാസോ അംബാനിയുമായി കരാറുറപ്പിച്ചു. ഞങ്ങള്‍ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട മധ്യസ്ഥനെ ഞങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ എനിക്കു കൂടതല്‍ സവിശേഷാധികാരങ്ങള്‍ നല്‍കാന്‍ ഈ ഗ്രൂപ്പിന് താല്‍പര്യമുണ്ടായിരുന്നില്ല. ജൂലി ഗയെറ്റിന്റെ സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി സങ്കല്‍പ്പിക്കാന്‍ പോലും എനിക്കു കഴിഞ്ഞില്ല,' ഹൊളാന്ദെ പറയുന്നു.
തന്റെ ജീവിത പങ്കാളിയും ഫ്രഞ്ച് നടിയും സിനിമാ നിര്‍മ്മാതാവുമായി ജൂലി ഗയെറ്റിന്റെ സിനിമാ നിര്‍മാണ കരാറിന് റഫാല്‍ ഇടപാടുമായി ബന്ധമുണ്ടെന്ന ആരോപണവും ഹൊളാന്ദെ നിഷേധിച്ചു. 2016ല്‍ ദല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിന് ഹൊളാന്ദെ എത്തുന്നതിനു രണ്ടു ദിവസം മുമ്പ് അംബാനിയുടെ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് എന്ന കമ്പനി ജൂലിയുമായി ഒരു സിനിമാ കരാറില്‍ ഒപ്പിട്ടുവെന്ന് ഈയിടെ റിപോര്‍ട്ടുണ്ടായിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് ഹൊളാന്ദെ റഫാല്‍ ധാരണാപത്രം ഒപ്പുവച്ചത്.
അതിനിടെ ഹൊളാന്ദെയുടെ വെളിപ്പടുത്തല്‍ വാര്‍ത്തയായതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. വെളിപ്പെടുത്തല്‍ പരിശോധിച്ചു വരികയാണെന്നും റഫാലുമായി ബന്ധപ്പെട്ട വാണിജ്യ ഇടപാടില്‍ ഇന്ത്യന്‍ സര്‍ക്കാരിനോ ഫ്രഞ്ച് സര്‍ക്കാരിനോ ഒരു പങ്കുമില്ലെന്നും പ്രതിരോധ വക്താവ് ട്വീറ്റ് ചെയ്തു.