മുംബൈ- തനിക്കെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലുള്‍പ്പെട്ട രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി വീണ്ടും പ്രത്യേക കോടതിയെ സമീപിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചോക്‌സ് സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ ചോക്‌സിയും മരുമകനും രത്‌ന വ്യാപാരിയുമായ നീരവ് മോഡിയും വിദേശത്തേക്ക് രക്ഷപ്പെടുകകയായിരുന്നു.
ചോക്‌സിക്കെതിരെ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രം കണക്കിലെടുത്ത് സി.ബി.ഐ കോടതി മേയ് 22-ന് നേരിട്ട് ഹാജാരാകന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചോക്‌സി അഭിഭാഷകന്‍ സഞ്ജയ് അബോട്ട് വഴി ഹരജി ഫയല്‍ ചെയ്തത്.
ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഇവിടെ എത്തിച്ച ശേഷം വെടിവെച്ചുകൊല്ലാനും പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ കേട്ടത് തന്നെ ഞെട്ടിച്ചുവെന്ന് ചോക്‌സി പറയുന്നു. ഇനിയും തട്ടിപ്പുകള്‍ തടയാന്‍ ഇത്തരമൊരു ശക്തമായ സന്ദേശം നല്‍കണമെന്ന് ചര്‍ച്ചയില്‍ പറഞ്ഞയാളെ തടയാന്‍ അവതാരകനോ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരോ മുതിര്‍ന്നില്ലെന്നും ചോക്‌സി ഹരജിയില്‍ പറയുന്നു. തന്നെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുമെന്ന് ഭയപ്പെടുന്നതായി ചോക്‌സി പറയുന്ന ഹരജിയോടൊപ്പം ഓഡിയോ, വിഡിയോ സിഡികളും തെളിവായി സമര്‍പ്പിച്ചു. അടുത്ത വിചാരണ നടക്കുന്ന ഒക്ടോബര്‍ മൂന്നിനകം മറുപടി നല്‍കാന്‍ കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചു.