ന്യുദല്‍ഹി- അടുത്തയാഴ്ച യുഎസില്‍വച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച നടക്കുമെന്നറിയിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പു തന്നെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി ഇന്ത്യ അറിയിച്ചു. ജമ്മുകശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോടെ പാക്കിസ്ഥാന്റേയും അവരുടെ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റേയും തനിനിറം വെളിച്ചത്തായിരിക്കുകയാണെന്നും ഇന്ത്യ പ്രതികരിച്ചു. കശ്മീരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളെ മഹത്വവല്‍ക്കരിച്ചും ഈയിടെ പാക്കിസ്ഥാന്‍ പ്രത്യേക സ്റ്റാമ്പുകള്‍ ഇറക്കിയതും ഇന്ത്യയെ പിന്തിരിയാന്‍ പ്രേരിപ്പിച്ചു. അധികാരത്തിലെത്തി ആദ്യ മാസങ്ങളില്‍ തന്നെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഈ സാഹചര്യങ്ങളില്‍ ചര്‍ച്ച നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിന് ന്യൂയോര്‍ക്കിലേക്കു പോകുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയും അവിടെ വച്ച് ചര്‍ച്ച നടത്താന്‍ തീരുമാനമായതായിരുന്നു. ഈ ചര്‍ച്ചയ്ക്ക് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആണ് നിര്‍ദേശം മുന്നോട്ടു വച്ചത്. ചര്‍ച്ചയ്ക്കായി ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെടുകയായിരുന്നു. സന്നദ്ധത അറിയിച്ച ഇന്ത്യ എന്നാല്‍ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ച അല്ലെന്നും വ്യക്തമാക്കിയിരുന്നു.