സോഫിയാൻ(കശ്മീർ)- ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ മൂന്നു പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ ഉടനീളം വെടിയേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് പോലീസുകാരെ അവരുടെ വീടുകളിൽ അതിക്രമിച്ചുകയറി ഭീകരർ തട്ടിക്കൊണ്ടുപോയത്. നാലു പേരെ ഭീകരർ തട്ടിക്കൊണ്ടുപോയെങ്കിലും ഒരാളെ നാട്ടുകാർ ഇടപെട്ട് രക്ഷിച്ചു. കപ്രാൻ ഗ്രാമത്തിലാണ് ഹിസ്ബുൽ മുജാഹിദീൻ ഭീകരർ പോലീസുകാരെ തട്ടിക്കൊണ്ടുപോയത്. പോലീസ് ഉദ്യോഗം രാജിവെക്കണമെന്നും അല്ലെങ്കിൽ കൊലപ്പെടുത്തുമെന്നും ഭീകരർ പറയുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.