മുംബൈ- മുംബൈയില്‍നിന്ന് ജയ്പൂരിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ജീവനക്കാരുടെ വീഴ്ച കാരണം യാത്രക്കാരുടെ ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തമൊലിച്ച സംഭവത്തില്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരിലൊരാള്‍ നോട്ടീസ് അയച്ചു. ഇതോടൊപ്പം 100 ഫസ്റ്റ് ക്ലാസ് അപ്‌ഗ്രേഡ് വൗച്ചറുകളും നല്‍കിയില്ലെങ്കില്‍ സംഭവത്തിന്റെ വിഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. യാത്രക്കാരുടെ കാര്യത്തില്‍ ജെറ്റ് എയര്‍വേയ്‌സ് വേണ്ടത്ര ശ്രദ്ധിക്കാത്തതിനാലാണ് സംഭവമുണ്ടായതെന്നും അതുകൊണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്നുമാണ് വാദമെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാന കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച കാരണം യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
വ്യാഴാഴ്ച രാവിലെ മുംബൈയില്‍നിന്ന് ജയ്പൂരിലേക്ക് പറന്ന വിമാനത്തിനകത്തെ വായു മര്‍ദത്തിലുണ്ടായ താളപ്പിഴ കാരണം മുപ്പതോളം യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നിരുന്നു. നിരവധി യാത്രക്കാര്‍ക്ക് തലവേദന അനുഭവപ്പെടുകയും അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ മാസ്‌കുകള്‍ പുറത്ത് വരികയും ചെയ്തു. മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ആയിരുന്നു ഇത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. 166 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഈ അസാധാരണ സംഭവത്തിനു കാരണമായതെന്നു വ്യക്തമായിട്ടുണ്ട്. ടേക്ക് ഓഫ് സമയത്ത് ക്യാബിനിലെ വായു മര്‍ദം നിയന്ത്രിക്കുന്ന ഒരു സ്വിച് പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരിലൊരാള്‍ വിട്ടു പോയതാണ് സംഭവത്തിനിടയാക്കിയത്. ഇയാളെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയതായി ജെറ്റ് എയര്‍വേയ്സ് അറിയിച്ചു.