ഇടുക്കി- മരിച്ചെന്ന ധാരണയിൽ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുവന്ന നവജാത ശിശു വഴിമധ്യേ കരഞ്ഞു. പരിഭ്രാന്തരായ ബന്ധുക്കൾ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം. മുരിക്കാശേരി വാത്തികുടി പുത്തൻപുരക്കൽ പ്രസാദ്-ശ്രീജ ദമ്പതികളുടെ കുട്ടിയാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അടിമാലി താലൂക്കാശുപത്രിയിൽ തന്നെ ജനിച്ച കുട്ടിയുടെ പ്രസവത്തിന് മുമ്പ് പൊക്കിൾ കൊടി കഴുത്തിൽ ചുറ്റി തലച്ചോറിന് ക്ഷതമേറ്റിരുന്നു. വിദഗ്ധ ചികിത്സക്കായി കുട്ടിയെ ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്ന് മനസിലാക്കിയ മെഡിക്കൽ കോളേജിലെ ഡോക്ടർ വിവരം പ്രസാദിനെ അറിയിച്ചു. ഇതോടെ കുട്ടിയെ വിട്ട് തരണമെന്നും തങ്ങൾ വീട്ടിലേക്ക് പോവുകയാണെന്നും പ്രസാദ് അറിയിച്ചു. എന്നാൽ കുട്ടിയെ വിട്ട് നൽകുന്നതിലെ വിഷമതകൾ മെഡിക്കൽകോളേജിൽ നിന്ന് അറിയിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നതായി എഴുതി നൽകിയശേഷം കുട്ടിയെ ഏറ്റെടുത്തു. വെന്റിലേറ്റർ വേർപ്പെടുത്തിയതോടെ കുട്ടിയുടെ അനക്കവും നിലച്ചു. ഇതോടെ കുട്ടി മരിച്ചതായി കരുതിയ ബന്ധുക്കൾ പ്രസാദിനേയും ശ്രീജയേയും മറ്റൊരു വാഹനത്തിലും കുട്ടിയെ ആംബുലൻസിലും വീട്ടിലേക്ക് കൊണ്ടുവന്നു. യാത്രക്കിടെ ആംബുലൻസിൽവച്ച് കുട്ടി ഒന്നിലേറെ തവണ കരഞ്ഞതോടെ പരിഭ്രാന്തിയിലായ ബന്ധുക്കൾ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പ്രസാദിനെ വിളിച്ചപ്പോഴാണ് സത്യാവസ്ഥ ബോധ്യമായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വന്തം ഇഷ്ടപ്രകാരം കുട്ടിയെ കൊണ്ടുപോകുന്നതായി എഴുതി നൽകിയ വിവരം മറ്റ് ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. ഇതിനിടെ കുട്ടിയെ സംസ്‌കരിക്കുന്നതിന് അടക്കമുളള നടപടികളും വീട്ടുകാർ ചെയ്തിരുന്നു.