ഹിന്ദു വിശ്വാസത്തെ അവഹേളിച്ചതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമ ചോദിച്ചു

ഹൂസ്റ്റണ്‍- ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന വിമര്‍ശനത്തെ തുടര്‍ന്ന് യു.എസ് ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമാപണം നടത്തി. ഗണേശ ചതുര്‍ഥിയുടെ ഭാഗമായി പാര്‍ട്ടി പ്രചാരണം ലക്ഷ്യമിട്ട്  പ്രസിദ്ധീകരിച്ച പരസ്യമാണ് വിവാദമായത്. ഇതില്‍ ഗണേശ ഭഗവാനെ അവഹേളിക്കുന്ന തരത്തിലുള്ള വാചകങ്ങളുണ്ടെന്ന് ഇന്ത്യക്കാരുടെ സംഘടനകള്‍ ആരോപിച്ചതിനു പിന്നാലെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാപ്പ് പറഞ്ഞത്.
ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 13ലെ അമേരിക്കന്‍ പത്രങ്ങളില്‍ വന്ന പാര്‍ട്ടി പരസ്യമാണ് വിവാദങ്ങള്‍ക്കു തിരി കൊളുത്തിയത്. 'നിങ്ങള്‍ ആരെ ആരാധിക്കും? ആനയെയോ കഴുതയെയോ? ഏതു വേണമെന്നു നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം.' ഇതായിരുന്നു പരസ്യത്തിലെ വാചകം. പാര്‍ട്ടിയുടെ ചിഹ്നം ആനയാണ്. എന്നാല്‍ പരസ്യത്തിനെതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍(എച്ച്.എ.എഫ്) അടക്കം നിരവധി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി രംഗത്ത് വരികയായിരുന്നു.

http://malayalamnewsdaily.com/sites/default/files/2018/09/20/abcd-2.png
വിശ്വാസങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടു വോട്ടു ചോദിക്കുന്നത് ശരിയായ രീതിയല്ല. ഗണേശ ഭഗവാനെ മുന്‍നിര്‍ത്തി ആനക്കോ കഴുതക്കോ വോട്ട് എന്നു ചോദിച്ചതും തെറ്റായിപ്പോയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.  ഹിന്ദു ആരാധനാമൂര്‍ത്തികളില്‍ മൃഗങ്ങളുണ്ടെന്ന പേരില്‍ യു.എസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ശകാരവാക്കുകള്‍ കേള്‍ക്കേണ്ടി വരാറുണ്ടെന്നും എച്ച്.എ.എഫ് ഭാരവാഹികള്‍ പറഞ്ഞു.
ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടല്ല പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പിന്നീട് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഗണേശ ചതുര്‍ഥിയെന്ന ആഘോഷത്തെ സ്വാഗതം ചെയ്യുക തന്നെയാണ് പാര്‍ട്ടിയും ഉദ്ദേശിച്ചത്. വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

 

Latest News